പാസ്‌പോര്‍ട്ടിലെ താമരയില്‍ കുടുങ്ങി കേന്ദ്രം; ദേശീയ പുഷ്‌പമെന്ന വാദം പൊളിയുന്നു

By Web TeamFirst Published Dec 14, 2019, 10:55 AM IST
Highlights

കഴിഞ്ഞ ജൂലൈ 10 ന് താമര ദേശീയ പുഷ്പമാണെന്ന് വിജ്ഞാപനമിറക്കിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. എന്നാല്‍ താമര ദേശീയ ചിഹ്നമായതിനാലാണ് പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്

ദില്ലി: പാസ്പോര്‍ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന വിശദീകരണത്തില്‍ പുലിവാല് പിടിച്ച് വിദേശകാര്യമന്ത്രാലയം. പുതിയ പാസ്‌പോർട്ടുകളിൽ താമര ചിഹ്നം പതിപ്പിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. താമര ദേശീയ ചിഹ്നമായതിനാലാണ് ഇതിനായി തെരഞ്ഞെടുത്തതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ രാജ്യ സഭയില്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ഈ തീരുമാനം. കഴിഞ്ഞ ജൂലൈ 10 ന് താമര ദേശീയ പുഷ്പമാണെന്ന് വിജ്ഞാപനമിറക്കിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ രാജ്യ സഭയെ അറിയിച്ചത്. രാജ്യസഭാ എം പി പ്രസന്ന ആചാര്യയായിരുന്നു ദേശീയ പുഷ്പം, മൃഗം, പക്ഷി എന്താണെന്ന് എഴുതിച്ചോദിച്ചത്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിജ്ഞാപനമുണ്ടോയെന്നും പ്രസന്ന ആചാര്യ ചോദിച്ചിരുന്നു. 

ഈ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയമാണ് ആചാര്യക്ക് മറുപടി നല്‍കിയത്. ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായിയാണ് ദേശീയ മൃഗമായി കടുവയേയും പക്ഷിയായി മയിലിനേയും പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് സഭയെ അറിയിച്ചത്. എന്നാല്‍ ദേശീയ പുഷ്പം താമരയാണെന്ന വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും നിത്യാനന്ദ് റായ് സഭയെ അറിയിച്ചിരുന്നു. 

എന്നാല്‍ ഈ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്‍റെ മിക്ക ഔദ്യോഗിക സൈറ്റുകളേയും അവസ്ഥ. താമരയാണ് ദേശീയ പുഷ്പമെന്ന് പ്രഖ്യാപിക്കുന്നുണ്ട് സര്‍ക്കാരിന്‍റെ ഔദ്യോഗിക സൈറ്റുകള്‍. ബിജെപി ചിഹ്നമായ താമര ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പാസ്പോര്‍ട്ടില്‍ താമര പതിച്ചതിനെതിരെയുള്ള ആരോപണം. 

പാസ്പോര്‍ട്ടില്‍ താമര പതിപ്പിച്ചത് കോൺഗ്രസ് എം പി എം കെ രാഘവൻ കഴിഞ്ഞദിവസം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യൻ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിക്കുന്നത് സർക്കാർ ഓഫിസുകൾ കാവിവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു എം പിയുടെ ആരോപണം. 

 

Raveesh Kumar,MEA on reports of lotus being printed on passports,earlier today:This symbol is our national flower&is part of the enhanced security features to identify fake passports.Apart from lotus,other national symbols will be used on rotation.Symbols are connected with India pic.twitter.com/8NTABjf25N

— ANI (@ANI)

എന്നാൽ വ്യാജപാസ്പോർട്ടുകൾ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് ദേശീയ പുഷ്പമായ താമര ചിഹ്നം ഉൾപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മറ്റ് ദേശീയ ചിഹ്നങ്ങളും അടുത്തഘട്ടത്തിൽ ഉപയോഗിക്കും. ഇപ്പോൾ ഇത് താമരയാണ്. അടുത്ത മാസം മറ്റെന്തെങ്കിലുമുണ്ടാവും. ദേശീയ പുഷ്പം അല്ലെങ്കിൽ ദേശീയ മൃഗം പോലുള്ള ഇന്ത്യയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളായിരിക്കും ഉപയോഗിക്കുകയെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേർത്തു.

 

Weekly Media Briefing by Official Spokesperson (December 12, 2019) https://t.co/qISPOjctrr

— Raveesh Kumar (@MEAIndia)

കോഴിക്കോട്ടെ പാസ്പോർട്ട് ഓഫിസുകളിൽ വിതരണം ചെയ്ത പാസ്പോർട്ടിലാണ് താമര ചിഹ്നം ഉൾപ്പെടുത്തിയതായി കണ്ടെത്തിയത്. പാസ്പോർട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീർഘചതുരത്തിലുള്ള കോളത്തിൽ താമര രേഖപ്പെടുത്തിയത്. മുമ്പുനൽകിയിരുന്ന പാസ്പോർട്ടിൽ ഓഫീസർ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോൾ ഈ പേജിന്റെ താഴെയാണ് ദീർഘചതുരത്തിൽ താമരയുള്ളത്. 

click me!