ലവ് ജിഹാദ് നിയമം മധ്യപ്രദേശിലും പ്രാബല്യത്തിൽ, ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു

By Web TeamFirst Published Jan 9, 2021, 7:44 PM IST
Highlights

നിയമം അനുസരിച്ച് ബലമായി മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും രണ്ട് മുതൽ പത്തു വർഷം വരെ തടവും ശിക്ഷ ലഭിക്കും...

ഭോപ്പാൽ: യുപിക്ക് പിന്നാലെ മധ്യപ്രദേശിലും ലവ് ജിഹാദ് നിയമം പ്രാബല്യത്തിലായി. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നിയമം പ്രാബല്യത്തിലായതായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മധ്യപ്രദേശ് സർക്കാരും ലൗ ജിഹാദ് നിയമം പാസാക്കി. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമം അനുസരിച്ച് ബലമായി മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും രണ്ട് മുതൽ പത്തു വർഷം വരെ തടവും ശിക്ഷ ലഭിക്കും. 

നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനങ്ങളെ തടയുന്നതിനായി ഉത്തര്‍പ്രദേശ് നേരത്തേ നിയമം കൊണ്ടുവന്നിരുന്നു. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.  വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ബിജെപി വാദം. എന്നാല്‍, ലൗ ജിഹാദ് ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

click me!