
ദില്ലി: രാജ്യത്തെ എൽപിജി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍. എൽപിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി. എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവിശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വെർച്വലി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാൽ അത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാം എന്നും യോഗത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യപ്പെട്ടു. എൽപിജി പ്രതിസന്ധിയിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. അഭ്യൂഹങ്ങൾ ശ്രദ്ധിക്കരുതെന്ന് മോദി പറഞ്ഞു.
രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാര്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എൽപിജി ക്ഷാമം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ വീടുകളിൽ എത്തുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതെസമയം വിഷയം പാർലമെന്റിലുയർത്തിയ പ്രതിപക്ഷം പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി.
എൽപിജി വിതരണത്തിൽ ആശങ്ക വേണ്ട, എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗാർഹിക പാചകവാതകവിതരണത്തെ സംബന്ധിച്ച് യതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ട. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ കിട്ടും. നിലവിൽ 25 ശതമാനം വർധനവ് എൽപിജി ഉൽപാദനത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു സിലിണ്ടർ ബുക്ക് ചെയ്ത ശേഷം അടുത്തത് ബുക്ക് ചെയ്യാനുള്ള സമയ പരിധി 21ൽ നിന്ന് 25 ദിവസമായി ഉയർത്തിയെന്ന് സർക്കാർ സ്ഥിരീകരിച്ചു.
അതേസമയം, വാണിജ്യ സിലണ്ടറുകളുടെ കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്. ഉത്തരേന്ത്യയിൽ ഗ്യാസ് വിതരണ കേന്ദ്രങ്ങളിൽ പലയിടത്തും കാലി സിലിണ്ടറുമായെത്തിയവരുടെ നീണ്ട വരിയാണ് കാണുന്നത്. പല ഹോട്ടലുകളിലും പാചകം ചെയ്യുന്ന വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. പി സന്തോഷ് കുമാർ, ഷാഫി പറമ്പിൽ അടക്കം എംപിമാർ വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റിലെ ഇരു സഭകളിലും ഇന്ന് നോട്ടീസ് നൽകി. പാർലമെന്റിന് പുറത്ത് പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam