
ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, യുഎഇയിൽ കുടുങ്ങിപ്പോയ 169 ഇന്ത്യൻ യാത്രക്കാരെ അതിസാഹസികമായി നാട്ടിലെത്തിച്ച് ഒരു യുവ പൈലറ്റ്. ഫരീദാബാദ് സ്വദേശിനിയായ 23-കാരി ദീപിക അധാനയാണ് തന്റെ ജീവൻ പോലും പണയപ്പെടുത്തി ഈ രക്ഷാദൗത്യത്തിൽ പങ്കാളിയായത്. വിമാനം പറന്നുയരുന്നതിന് മുൻപ് 'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല" എന്ന് പറഞ്ഞായിരുന്നു ദീപിക യാത്രയായത്.
മാർച്ച് 6-ന് രാവിലെ 10:15-നാണ് യുഎഇയിലെ റാസൽഖൈമയിലേക്ക് രക്ഷാദൗത്യത്തിന് പോകാൻ എയർ ഇന്ത്യ എക്സ്പ്രസ് ദീപികയ്ക്ക് നിർദ്ദേശം നൽകിയത്. സുഹൃത്തിന് നിശ്ചയിച്ചിരുന്ന ഫ്ലൈറ്റിൽ യാത്രാസമയത്തിന് രണ്ട് മണിക്കൂർ മുൻപ് ദീപികയെ നിയോഗിക്കുകയായിരുന്നു. ക്യാപ്റ്റൻ ജസ്വീന്ദർ കൗർ, പൈലറ്റ് ദീപിക അധാന എന്നിവർക്കൊപ്പം നാല് വനിതാ ക്രൂ അംഗങ്ങളാണ് ദൗത്യത്തിലുണ്ടായിരുന്നത്. യുദ്ധസമാനമായ സാഹചര്യമായിരുന്നെങ്കിലും അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇവർ വിമാനം പറത്തിയത്.
ഉച്ചയ്ക്ക് 2 മണിയോടെ റാസൽഖൈമയിൽ വിമാനം ലാൻഡ് ചെയ്തു. പതിവിലും വിപരീതമായി വിമാനത്താവളം അതീവ ശാന്തമായിരുന്നുവെന്ന് ദീപിക ഓർക്കുന്നു. 169 യാത്രക്കാരുമായി 3:30-ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചു. തിരികെ പറക്കുന്നതിനിടെ എയർ ട്രാഫിക് കൺട്രോളുമായുള്ള (ATC) ആശയവിനിമയം അല്പനേരത്തേക്ക് നഷ്ടപ്പെട്ടത് ക്രൂവിനെ ആശങ്കയിലാഴ്ത്തി. നെറ്റ്‌വർക്ക് തകരാർ കാരണമായിരുന്നു ഇത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ബന്ധം പുനഃസ്ഥാപിക്കാനായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറങ്ങിയപ്പോൾ നന്ദിവാക്കുകളോടെയാണ് യാത്രക്കാർ ഇവരെ വരവേറ്റത്.
ഫരീദാബാദിലെ തിഗാവ് സ്വദേശിനിയായ ദീപിക, തന്റെ അന്തരിച്ച മുത്തച്ഛൻ അമൃത് സിംഗ് അധാനയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് പൈലറ്റ് കുപ്പായമണിഞ്ഞത്. ആർക്കിടെക്റ്റായ യോഗേഷ് അധാനയുടെയും ബാബ്ലി അധാനയുടെയും മകളായ ദീപിക, കോവിഡ് പ്രതിസന്ധിക്കിടയിലും കഠിനാധ്വാനം ചെയ്താണ് 2021-ൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടിയത്. ഗ്രീസ്, ഇസ്താംബുൾ എന്നിവിടങ്ങളിൽ നിന്ന് എയർബസ് A320 വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ ഇവർ 2024 ഏപ്രിലിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഔദ്യോഗികമായി ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam