
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ, വീടുകളിലെയും ഹോട്ടലുകളിലെയും പാചക രീതികളില്‍ മാറ്റംവരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ, ആളുകള്‍ പകരം സംവിധാനമെന്ന നിലയില്‍ ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങിക്കൂട്ടുകയാണ്. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും പ്രാദേശിക ഇലക്ട്രോണിക്‌സ് കടകളിലും ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ മൂന്നോ നാലോ ആഴ്ചകളെ അപേക്ഷിച്ച് നോക്കുമ്പോള്‍, കഴിഞ്ഞ 4-5 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ വില്‍പ്പന ഫ്ലിപ്കാർട്ടില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ ആവശ്യകതയില്‍ ആമസോണ്‍ ഇന്ത്യയില്‍ 20 ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായതെന്ന് കമ്പനി വക്താവ് അറിയിച്ചു. കടകളിലും തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ കടകളിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ പാചകവാതക പ്രതിസന്ധി കാരണം ആളുകള്‍ക്ക് മറ്റ് വഴികളില്ലാത്ത അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും തടസപ്പെട്ടതോടെ ഹോട്ടലുടമകളും വലിയ ആശങ്കയിലാണ്. വലിയ തരം ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ലഭ്യമാണോ എന്ന് ചോദിച്ച് നിരവധി ഹോട്ടലുടമകള്‍ വ്യാപാരികളെയും സമീപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ ഉറപ്പിച്ചു പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam