
ദില്ലി/മുംബൈ: ലോക്സഭയിലും ഉദ്ധവ് താക്കറെയെ വെട്ടിനിരത്തി ഏക്നാഥ് ഷിൻഡെ പക്ഷം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗത്തിലെ രാഹുൽ ഷെവാലെയെ ലോക്‌സഭയിലെ ശിവസേന പാർട്ടി നേതാവായി ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. ലോക്‌സഭാ കക്ഷിയിലെ 19 സേനാംഗങ്ങളിൽ 12 പേരും ഒപ്പിട്ട പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ഭാവന ഗാവ്‌ലിയെ പാർട്ടിയുടെ ചീഫ് വിപ്പായും ബിർള അംഗീകരിച്ചു. നേരത്തെ കക്ഷി നേതാവായിരുന്ന വിനായക് റാവുത്തിനെയും ചീഫ് വിപ്പായിരുന്ന രാജൻ വിചാരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ ഏഴ് എംപിമാരുടെ കൂടെ പിന്തുണ ആവശ്യമാണ്. സേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരും 19 എംപിമാരിൽ 12 പേരും തങ്ങളുടെ പക്ഷത്തായതിനാൽ ഷിൻഡെ വിഭാഗം ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യഥാർത്ഥ ‘ശിവസേന’യായി അംഗീകരിക്കണമെന്ന് അഭ്യർഥിക്കും.
പാർട്ടി നേതാവിനെയും ചീഫ് വിപ്പിനെയും ലോക്സഭാ സ്പീക്കറുടെ ഔപചാരിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടായേക്കും. അതോടെ പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള പോര് മുറുകും. നേതൃത്വത്തെ സംബന്ധിച്ച തർക്കങ്ങൾ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നും ഭൂരിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം അംഗീകരിക്കണമെന്നും അന്നത്തെ അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ നൽകിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഷിൻഡെ ഗ്രൂപ്പിന്റെ വാദം സ്പീക്കർ അംഗീകരിച്ചത്. ലോക് ജനശക്തി പാർട്ടിയുടെ കാര്യത്തിൽ ബിർള എടുത്ത സമാനമായ തീരുമാനം പിന്നീട് ദില്ലി ഹൈക്കോടതി ശരിവച്ചിരുന്നു.
പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന തന്റെ നിലപാടിനെ എംപിമാർ പിന്തുണച്ചതായി ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭയിലെ പുതിയ ശിവസേന നേതാവാണ് രാഹുൽ ഷെവാലെ, പാർട്ടിയുടെ ചീഫ് വിപ്പ് ഭാവന ഗാവ്‌ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 12 എംപിമാരും പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിട്ടില്ലെന്നും തങ്ങളെല്ലാം ശിവസേന എംപിമാരാണെന്നും ഗാവ്‌ലിയുടെ വിപ്പ് ഇനി എല്ലാ സേന എംപിമാർക്കും ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് 18 പേരും ദാദ്ര നഗർ-ഹവേലിയിൽ നിന്ന് ഒരാളുമാണ് സേനയ്ക്ക് ലോക്സഭയിൽ ഉള്ളത്.
നാഗാലാൻഡ് വെടിവെപ്പ്: സൈനികർക്കെതിരെയുള്ള പൊലീസ് നടപടി നിർത്തിവെക്കണമെന്ന് സുപ്രീം കോടതി
ബിജെപിയുമായി സഖ്യമുണ്ടാക്കാൻ താക്കറെയ്ക്ക് താൽപ്പര്യമുണ്ടായിരുന്നെന്ന് ഷെവാലെ പറഞ്ഞു. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ ഞങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട്. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് 2021 ജൂണിൽ ഒരു മണിക്കൂർ ചർച്ച ചെയ്തു. അതിനുശേഷം സഖ്യം സംബന്ധിച്ച് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. എന്നാൽ 2021 ജൂലൈയിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ 12 ബിജെപി എംഎൽഎമാരെ എംവിഎ സർക്കാർ സസ്പെൻഡ് ചെയ്തു. അതോടെ കാര്യങ്ങൾ വഷളായി. ശിവസേനയിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതിനാൽ ബിജെപി അസ്വസ്ഥരായിരുന്നു. എംപിമാർ പങ്കെടുത്ത ഒരു യോഗത്തിൽ ഉദ്ധവ് താക്കറെ തന്നെ ഇക്കാര്യം ഞങ്ങളോട് സൂചിപ്പിച്ചെന്നും ഷെവാലെ അവകാശപ്പെട്ടു.