
ലുധിയാന: ഓപ്പറേഷൻ അഖലിനിടെ കശ്മീരിൽ ഭീകരരുടെ ഗ്രനേഡാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങി(27)ൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിൻ്റെ അതിർത്തി കാക്കാനുള്ള ചുമതലയേറ്റെടുത്ത ധീരജവാൻ വിവാഹം കഴിഞ്ഞ് അഞ്ചാം മാസമാണ് പ്രിയപ്പെട്ടവർക്ക് മുന്നിൽ ചേതനയറ്റ ശരീരമായി തിരിച്ചെത്തിയത്. ജവാൻ്റെ വിയോഗം താങ്ങാനാവാതെ തേങ്ങിക്കരയുകയാണ് ഭാര്യ മൻപ്രതീക് കൗറും ക്യാൻസർ രോഗിയായ അച്ഛൻ ഹർഭൻസ് സിങും സഹോദരങ്ങളും.
പഞ്ചാബിലെ ലുധിയാനക്കടുത്ത് മനുപുർ സ്വദേശിയായിരുന്നു പ്രിത്‌പാൽ സിങ്. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് സഹോദരൻ സൈന്യത്തിൽ ചേർന്നതെന്നാണ് സഹോദരൻ ഹർപ്രീത് സിങ് പറയുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത സാധാരണ തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ ഹർഭൻസ് സിങ്. ഇപ്പോൾ ക്യാൻസർ രോഗത്തോട് പൊരുതുകയാണ് ഇദ്ദേഹം. പഠനം കഴിഞ്ഞയുടൻ കുടുംബത്തിൻ്റെ സാമ്പത്തിക നില ഭദ്രമാക്കാൻ വേണ്ടി സൈന്യത്തിൽ ചേർന്ന പ്രിത്പാൽ അച്ഛൻ്റെ രോഗമുക്തിക്കായി സാധ്യമായ എല്ലാ ചികിത്സയും നൽകാൻ ശ്രമിക്കുന്നതിനിടെയാണ് വീരചരമം പ്രാപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രിത്‌പാൽ സിങ് വിവാഹിതനായത്. അവധിക്ക് ശേഷം ജമ്മു കശ്മീരിൽ ഭീകരരെ നേരിടാനുള്ള ചുമതലയിൽ നിയോഗിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ 19 രാഷ്ട്രീയ റൈഫിൾസ് അംഗമായിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് എട്ടിന് അഖൽ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭാഗമായിരുന്നു. ഒളിച്ചിരുന്ന ഭീകരർ ഇദ്ദേഹത്തിനടുത്തേക്ക് ഗ്രനേഡ് എറിയുകയും ഇത് പൊട്ടിത്തെറിച്ച് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ഓപ്പറേഷൻ അഖലിന് ശേഷം അവധിയെടുത്ത് നാട്ടിൽ വരുമെന്നാണ് കുടുംബാംഗങ്ങളോട് പ്രിത്പാൽ പറഞ്ഞിരുന്നത്. അച്ഛൻ് സൈനിക ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ അദ്ദേഹം ബാങ്ക് ലോണെടുത്ത് വീട് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീട്ടിൽ അധിക ദിവസം താമസിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഓപ്പറേഷൻ അഖൽ ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറി. ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ട ഇവിടെ പ്രിത്പാൽ സിങടക്കം രണ്ട് ജവാന്മാരാണ് വീരചരമം പ്രാപിച്ചത്. 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.