
ദില്ലി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാൻ മധുസൂദൻ മിസ്ത്രി. തെരഞ്ഞെടുപ്പിൽ ഖര്‍ഗെ 7897 വോട്ടുകളും തരൂര്‍ 1072 വോട്ടുകളും നേടിയെന്നും 416 വോട്ടുകൾ അസാധുവായെന്നും മിസ്ത്രി അറിയിച്ചു.
അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തരൂര്‍ നൽകിയ പരാതികൾക്ക് കൃത്യമായ മറുപടി നൽകുമെന്ന് മിസ്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിൽ നിന്ന് വന്ന ബാലറ്റ് പെട്ടികൾ ഓരോന്നും ഇന്ന് രാവിലെ പരിശോധിച്ചു സീൽ ഇല്ലാതെ രണ്ട് പെട്ടിയിൽ 400 വോട്ടുകൾ ആണ് ഉണ്ടായിരുന്നത്. സീൽ ഇല്ലാത്ത പെട്ടികളെ കുറിച്ചയിരുന്നു പരാതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ അസാധുവായതിൽ കൂടുതൽ വോട്ട് ഖാർഗെക്ക് കിട്ടിയതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 400 വോട്ടോളം ഖാർഗെക്ക് രേഖപ്പെടുത്തുന്നതിൽ തെറ്റ് വന്നതിനാൽ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് തരൂര്‍ നേടിയതെന്നും മത്സരത്തിൽ ഒരു സംസ്ഥാനത്തും ശശി തരൂരിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നില്ലെന്നും ഖാര്‍ഗെയ്ക്ക് നൂറ് വോട്ട് കിട്ടുമ്പോൾ തരൂരിന് നാലോ അഞ്ചോ വോട്ട് കിട്ടുന്ന അവസ്ഥയായിരുന്നുവെന്നും കൊടിക്കുന്നിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പുതുതായിട്ടൊന്നും തരൂര്‍ ഉന്നയിച്ചിട്ടില്ല. ഒൻപതിനായിരത്തിൽ കൂടുതൽ ആളുകൾ വോട്ട് ചെയ്ത ഒരു തെരഞ്ഞെടുപ്പിൽ 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമായി കാണാനാവില്ലെന്നും കേരളത്തിൽ നിന്നാണ് തരൂരിന് കൂടുതൽ വോട്ട് കിട്ടിയത് എന്ന് പറയാൻ ആകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ട മാറ്റം പാര്‍ട്ടി കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തരൂരിന് ഇത്രയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വേറെയൊന്നും ചോദിക്കാനില്ലേ എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam