'പുഷ്പകവിമാനം പറന്നതെങ്ങനെ'; മധ്യപ്രദേശിലെ സര്‍വ്വകലാശാലയില്‍ പാഠ്യവിഷയം

By Web TeamFirst Published Mar 27, 2021, 1:47 PM IST
Highlights

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഈ കോഴ്സ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും എന്ന പേരിലാണ് കോഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഹനുമാന്‍റെ വാല്‍ എന്തുകൊണ്ട് തീപിടിച്ച് കരിഞ്ഞില്ല എന്നതടക്കമുള്ള വസ്തുതകള്‍ പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ ഈ സര്‍വ്വകലാശാല. ഭോജ് ഓപ്പണ്‍ സര്‍വ്വകലാശാലയാണ് രാമചരിത മാനസില്‍ ഡിപ്ലോമ കോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021-2022 അക്കാദമിക വര്‍ഷത്തേക്കാണ് പുതിയ ഡിപ്ലോമ കോഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത് എന്നാണ് ദേശീയ മാധ്യമമായ സീ ന്യൂസിന്‍റെ റിപ്പോര്‍ട്ട്. 

രാമചരിത മാനസത്തിന്‍റെ ശാസ്ത്രീയ വശം വിശദമാക്കുന്നതിനായാണ് പുതിയ കരിക്കുലത്തിന്‍റെ ഭാഗമായി കോഴ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഈ കോഴ്സ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും എന്ന പേരിലാണ് കോഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. രാമചരിതമാനസത്തിലെ പദ്യങ്ങളെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതാണ് കോഴ്സ്. രാമചരിത മാനസവും ഫിസിക്സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നീ നാല് വിഷയമാണ് കോഴ്സിലുള്ളത്. രാവണ്‍, പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്‍റെ വാല്‍ കത്തി നശിക്കാത്തത് എന്നിവയ്ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി കോഴ്സിലൂടെ നല്‍കാനാണ് ശ്രമം എന്നാണ് കോഴ്സിന്‍റെ വിശദാംശങ്ങളില്‍ പറയുന്നത്. 

12ാംക്ലാസ് കഴിഞ്ഞവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്സിന് ഇതിനോടകം 50പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും സീ ന്യൂസിന്‍റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

click me!