കൊവിഡ് 19 ല്‍ 'രക്ഷ'തേടി കോണ്‍ഗ്രസ് സര്‍ക്കാര്‍? വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ സഭ സമ്മേളനം വൈകിപ്പിച്ചേക്കും

By Web TeamFirst Published Mar 14, 2020, 8:05 PM IST
Highlights

നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതോടെ നിയമസഭ സമ്മേളനം നീട്ടിവയ്ക്കാനുള്ള നീക്കം സര്‍ക്കാരും തുടങ്ങി. കൊവിഡ് 19 ന്‍റെ പേരില്‍ സഭ സമ്മേളനം നീട്ടിവയ്ക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. വിമത എംഎല്‍എമാരില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണയുണ്ട് എന്നവകാശപ്പെടുന്ന മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയില്‍ നിന്ന് ചിലരെ അടര്‍ത്തിമാറ്റാന്‍ ശ്രമവും നടത്തുന്നുണ്ട്.

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടാണ് തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പെന്ന ആവശ്യത്തില്‍ ബിജെപി പിടിമുറുക്കുന്നത്. 107 പേരുടെ നിലവിലെ അംഗബലത്തിന്‍റെ ആത്മവിശ്വാസത്തിനൊപ്പം 22 വിമതരുടെ കരുത്തിലുമാണ് ബിജെപിയുടെ നീക്കം. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത് ഇതിനകം ബിജെപി ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം രാജിവച്ചവര്‍ എത്രയും വേഗം തനിക്ക് മുന്നില്‍ ഹാജരാകണമെന്ന സ്പീക്കര്‍ രണ്ടാമതും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിമത എംഎല്‍എമാര്‍ നാളെ ഭോപ്പാലിലെത്തും.സ്പീക്കര്‍ രാജി അംഗീകരിക്കുന്നത് വൈകിയാല്‍ കോടതിയെ സമീപിക്കാനാണ് എംഎല്‍എമാരുടെ തീരുമാനം.

ഇതിനിടെ ജ്യോതിരാദ്യ സിന്ധ്യക്കെതിരെ നടന്ന ആക്രമണത്തില്‍ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെ പൊലീസ്
കേസെടുത്തു. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ ഇന്നലെയാണ് ഒരു സംഘം ജ്യോതിരാദിത്യ സിന്ധ്യയുടെ
വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. വധശ്രമമാണ് നടന്നെതന്നും കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും ബിജെപി ആരോപിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!