
ദില്ലി: മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്ന് കോടതി. എംഎൽഎമാർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവസരം ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ബിജെപിയുടേത് ഹിറ്റ്ലർ രാജെന്ന് കമൽനാഥും, കമൽനാഥിന് അധികാരക്കൊതിയാണെന്ന് ബിജെപിയും വിമർശിച്ചു.
മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ദിഗ് വിജയ് സിംഗിനെ ബെംഗളൂരുവിൽ തടഞ്ഞത് കോൺഗ്രസ് ചോദ്യം ചെയ്തു. എംഎൽഎമാരെ തട്ടിക്കൊണ്ടുപോയ ശേഷം വിശ്വാസ വോട്ട് തേടണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. മസിൽപവർ കാട്ടി ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു. ദുഷ്യന്ത് ദവേയാണ് കോൺഗ്രസിന് വേണ്ടി വാദിക്കുന്നത്.
ഭരണഘടന വിരുദ്ധമായാണ് ഗവർണർ വിശ്വാസ വോട്ട് തേടാൻ ആവശ്യപ്പെടുന്നത്. കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടന ബെഞ്ചിന്റെ തീർപ്പ് വരുന്നതുവരെ ഉത്തരവിറക്കരുതെന്നും കോൺഗ്രസ് പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവർണർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇത് ഭരണഘടന വിരുദ്ധം.
ഭരണഘടന ധാർമികതയെ കുറിച്ച് പറഞ്ഞതിന് താൻ വിമർശിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ധാർമികത എന്ന് പറഞ്ഞത് അംബേദ്കറാണെന്നും ചന്ദ്രചൂഡ് പറഞ്ഞു. ആറ് എം എൽ എ മാരുടെ രാജി സ്പീക്കർ അംഗീകരിച്ചതല്ലേ എന്ന് കോടതി ചോദിച്ചു. അതുവെച്ചാകും 22 എംഎൽഎമാരുടെയും സാഹചര്യം ഗവർണർ വിലയിരുത്തിയതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപിക്ക് വേണ്ടി മുകുൾ റോത്തഗി വാദിച്ചു. കമൽനാഥിന് അധികാരക്കൊതിയാണെന്നും ജനാധിപത്യത്തെയോ ഭരണഘടനയെയോ പറ്റി പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും ബിജെപി പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ് ചെയ്തത് എന്തെന്ന് എല്ലാവർക്കും അറിയാമെന്നും ബിജെപി വാദിച്ചു. അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് 21 വിമത എംഎൽഎമാരും കർണാടക ഡിജിപിക്ക് കത്തയച്ചു. റിബൽ എം എൽ എമാരെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല ബിജെപി. അവർ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനം ആണ്. ആവശ്യമെങ്കിൽ 15 എംഎൽഎമാരൊയും കോടതിയിൽ ഹാജരാക്കാമെന്ന് ബിജെപി പറഞ്ഞെങ്കിലും അത് വേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam