
ബെംഗളൂരു: മദീന ബസ് അപകടത്തിൽ മരിച്ചവരിൽ ഹൈദരാബാദിൽ നിന്നുപോയ 16 പേർ ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതിൽ നാലുപേർ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അൽമദീന ട്രാവൽസ് വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. ട്രാവൽ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
അതിനിടെ, ജീവനക്കാരെയും വളന്റിയർമാരേയുംവിന്യസിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആശുപത്രികളിൽ പ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. സൗദി ഹജ്ജ്- ഉംറ മന്ത്രാലയവുമായി ചേർന്നു പ്രവർത്തിക്കും. തെല്ലങ്കാന സർക്കാരുമായും ഉംറ ഓപ്പറേറ്റർമായും ബന്ധപ്പെട്ടതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണെന്നും അതിൽ 40 പേരും മരിച്ചെന്നുമാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കും സഹായത്തിനുമായി ബാധിക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് തെലങ്കാന സെക്രട്ടേറിയറ്റ് കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം.
നമ്പറുകൾ: 79979 59754, 99129 19545
ദില്ലിയിലെ തെലങ്കാന ഭവനിലും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിപ്പറയുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം:
വന്ദന (റെസിഡന്റ് കമ്മീഷണറുടെ പി.എസ്): ഫോൺ നമ്പർ: നമ്പർ 98719 99044
സി.എച്ച്. ചക്രവർത്തി (പബ്ലിക് റിലേഷൻസ് ഓഫീസർ): ഫോൺ നമ്പർ: 99583 22143
രക്ഷിത നെയിൽ (ലെയ്സൺ ഓഫീസർ): ഫോൺ നമ്പർ: 96437 23157