Latest Videos

ഓൺലൈൻ വാതുവെയ്പ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

By Web TeamFirst Published Aug 3, 2021, 3:01 PM IST
Highlights

ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി

ചെന്നൈ: ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത നിരോധനം തമിഴ്നാട്ടിൽ നടപ്പിലാക്കിയത്  നിയമ വിരുദ്ധമെന്ന  ഓൺലൈൻ ഗെയിം കമ്പനികളുടെ വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച കേസിൽ വാദം കേട്ടപ്പോൾ തമിഴ്നാട് സർക്കാർ രൂപീകരിച്ച 2021 ലെ തമിഴ്നാട് ഗെയിമിങ് ആന്റ് പൊലീസ് ഭേദഗതി നിയമം, വിഷയം വിശദമായി പഠിക്കാതെ തയ്യാറാക്കിയതാണെന്ന് കോടതി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രം നടത്തിയ ഇടപെടലാണോയിതെന്ന് സംശയിക്കുന്നതായും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയും ഉൾപ്പെട്ട ബെഞ്ച് എജി ആർ ഷൺമുഖ സുന്ദരത്തോട് ചോദിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് നിയമസഭയിൽ കാര്യമായ ചർച്ചകളൊന്നും നടത്താതെ നിയമം പാസാക്കിയത്. ജനങ്ങളുടെ നന്മ പരിഗണിച്ചാണ് നിയമം പാസാക്കിയതെന്നത് കാണാതിരിക്കുന്നതല്ലെന്നും എന്നാൽ ഭരണഘടന ഇതിന് അവകാശം നൽകുന്നുണ്ടോയെന്നതാണ് സംശയമെന്നും കോടതി ചോദിച്ചിരുന്നു.

click me!