
ചെന്നൈ: ചെന്നൈയിൽ ഫ്ലക്സ് വീണ് ടെക്കി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നാണ് കോടതി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ഫ്ലക്സ് ബോർഡ് വീണ് സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ശുഭശ്രീ മരിച്ചത്. പള്ളവാരം - തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ശുഭശ്രീയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വീഴുകയായിരുന്നു. ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കിടയിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കോടതി പൊലീസിനോടും കോർപ്പറേഷൻ അധികൃതരോടും നേരിട്ട് ഹാജരാവാനും ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിൽ അധികൃതർ മുട്ട് മടക്കുകയാണെന്നും കോടതി വിമർശനമുന്നയിച്ചു.
കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കി. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam