Madras High Court : ദൈവത്തെ കോടതിക്ക് വിളിച്ചുവരുത്താൻ കഴിയില്ല; കീഴ്ക്കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Jan 8, 2022, 8:06 PM IST
Highlights

ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം വിശ്വാസികളുടെ കണ്ണില്‍ ദൈവമാണെന്നും അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് മദ്രാസ് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ ഒരു തൊണ്ടിമുതല് പോലെ പ്രതിഷ്ഠയെ കാണാന്‍ കഴിയില്ലെന്നും കോടതി 

മോഷണം പോയ വിഗ്രഹം ഒറിജിനലാണോയെന്ന വേരിഫിക്കേഷന്‍ നടത്താന്‍ കോടതിയിലെത്തിക്കണമെന്ന കീഴ് കോടതി (Lower Courts Order) തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതി (Madras High Court). തിരുപ്പൂരിലെ ക്ഷേത്ര ഭാരവാഹികളോടാണ് മുഖ്യ പ്രതിഷ്ഠയെ കോടതിയില്‍ ഹാജരാക്കണമെന്ന് കീഴ് കോടതി ആവശ്യപ്പെട്ടത്. മോഷണം പോയ ശേഷം തിരികെ വീണ്ടെടുത്ത പ്രതിമ അടുത്തിടെ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ നടത്തിയിരുന്നു.  ഈ പ്രതിമ വിഗ്രഹ മോഷണം സംബന്ധിച്ച കേസിലെ വേരിഫിക്കേഷന് (Main Idol Before Court for Verification) വേണ്ടി കോടതിയില്‍ ഹാജരാക്കണമെന്ന് കുംഭകോണം കോടതിയാണ് ഉത്തരവിട്ടത്.

തിരുപ്പൂരിനടുത്തുള്ള ശിവ്രി പാളയത്തിലെ പരമശിവന്‍ സ്വാമി ക്ഷേത്രത്തിലെ (Paramasivan Swamy temple in Siviripalayam) പ്രധാന പ്രതിഷ്ഠയാണ് മോഷണം പോയത്. ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം വിശ്വാസികളുടെ കണ്ണില്‍ ദൈവമാണെന്നും അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് മദ്രാസ് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ ഒരു തൊണ്ടിമുതല് പോലെ പ്രതിഷ്ഠയെ കാണാന്‍ കഴിയില്ലെന്നും കോടതി വിശദമാക്കി. ദൈവത്തെ കോടതിയില്‍ വേരിഫിക്കേഷന് വേണ്ടി ഹാജരാക്കേണ്ടതില്ലെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആര്‍ സുരേഷ് കുമാര്‍ വ്യക്തമാക്കി.

അതിന് പകരമായി അഡ്വക്കേറ്റ് കമ്മീഷണര്‍ക്ക് വിഗ്രഹം ക്ഷേത്രത്തിലെത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താതെയും പുനപ്രതിഷ്ഠ നടത്തിയിരിക്കുന്ന സ്ഥാനത്ത് നിന്ന് ഇളക്കാതെയും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് കേസ് പരിഗണിക്കുന്ന കോടതിക്ക് കാലതാമസം വരുത്താതെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കീഴ്ക്കോടതി വിധിക്കെതിരെ നല്‍കിയ റിട്ട് പരാതി പരിഗണിക്കുകയായിരുന്നു കോടതി. പുരാതനമായ ക്ഷേത്രത്തിലാണ് മോഷണം നടന്നതെന്നും പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം ക്ഷേത്രത്തിന് തിരികെ നല്‍കിയ പ്രതിമയാണ് പുനപ്രതിഷ്ഠിച്ചതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

നിരവധിപ്പേരുടെ ആരാധനാമൂര്‍ത്തിയേയാണ് കോടതിയില്‍ വേരിഫിക്കേഷന് വേണ്ടി ഹാജരാക്കണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടതെന്നും പരാതി വിശദമാക്കുന്നു. ജനുവരി ആറിന് പ്രതിഷ്ഠയെ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതിഷ്ഠയെ ഇതനുസരിച്ച് നീക്കാനുള്ള ശ്രമവും നടന്നിരുന്നു. വിശ്വാസികളുടെ പ്രതിഷേധമാണ് ഈ നീക്കത്തെ തടസപ്പെടുത്തിയത്. ഇതോടെയാണ് വിശ്വാസികള്‍ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

click me!