
കൊച്ചി: ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു (Kiren Rijiju) ചൂണ്ടിക്കാട്ടി. നീതി അതിവേഗം അർഹരായവരിലേക്ക് എത്തിക്കണമെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എല്ലാവർക്കും നീതി എളുപ്പമാക്കണമെന്നും നീതി ലഭിക്കാൻ ആരും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൊച്ചിയിലെ കളമശ്ശേരിയിലുള്ള ദേശീയ നിയമ സർകലാശാലയായ നുവാൽസിൽ പതിനഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്‍ജിമാരുടെ ഒഴിവുകളിൽ വൈകാതെ നിയമനം നടക്കുമെന്നും അതിനായി കോളേജിയവും കേന്ദ്ര സർക്കാരും സംയോജിച്ചു പ്രവർത്തിക്കുന്നെണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര മന്ത്രിസഭ 9000 കോടി രൂപയുടെ അനുമതി നൽകിയതായും റിജിജു അറിയിച്ചു. ബി എ എൽ എൽ ബി റാങ്കുകാർക്കുള്ള സ്വർണ്ണമെഡലും എൻഡോവ്മെന്റ് അവാർഡുകളും കേന്ദ്ര മന്ത്രി വിതരണം ചെയ്തു.
ബി എ എൽ എൽ ബി , എൽ എൽ എം , പി എച് ഡി കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനം നുവാൽസ് ചാൻസലർ കൂടിയായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി. സംസ്ഥാന നിയമ-വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, വൈസ് ചാൻസലർ ഡോ കെ സി സണ്ണി, ജസ്റ്റിസ് അനിൽ നരേന്ദ്രൻ, അഡ്വ ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ്, സ്റ്റേറ്റ് അറ്റോണി മനോജ് കുമാർ, ലോ സെക്രട്ടറി ഹരി നായർ, നുവാൽസ് എക്സി കൗൺസിൽ അംഗം അഡ്വ നാഗരാജ് നാരായൺ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam