കുടിയേറ്റ തൊഴിലാളികളുടെ ദുരിതം വേദനാജനകം; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി

By Web TeamFirst Published May 16, 2020, 3:45 PM IST
Highlights

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ഏകോപനം കാര്യക്ഷമമായിരുന്നില്ലെന്ന് കോടതി വിമർശിച്ചു. ഇനിയും എത്ര ജീവനുകൾ പൊലിയണം. സംഭവിക്കുന്നത് മാനുഷിക ദുരന്തമാണ് എന്നും കോടതി.

ചെന്നൈ: കുടിയേറ്റ തൊഴിലാളികളുടെ ദുരിതം വേദനാജനകമാണെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്ക് അവശ്യസേവനങ്ങൾ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. 

കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പ് വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ടോൾ​ഗേറ്റുകളിൽ കൃത്യമായ സംവിധാനം ഒരുക്കണം. സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത്. 

 തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം. ഈ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ഏകോപനം കാര്യക്ഷമമായിരുന്നില്ലെന്ന് കോടതി വിമർശിച്ചു. ഇനിയും എത്ര ജീവനുകൾ പൊലിയണം. സംഭവിക്കുന്നത് മാനുഷിക ദുരന്തമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പട്ടിക ഹാജരാക്കാനും  മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന്  നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം, കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് നടത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. അന്തർ സംസ്ഥാന സർവീസുകൾ ഇതിനായി പുനരാരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക്  നടന്നു പോകാൻ അനുവദിക്കരുതെന്ന് ഇന്നലെ കേന്ദ്രസർക്കാർ വീണ്ടും നിർദ്ദേശം നല്കിയിരുന്നു. പ്രത്യേക ട്രെയിനുകളിൽ ഇവരെ മടക്കി അയയ്ക്കണം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തു നല്കുകയായിരുന്നു. 

കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു കേന്ദ്ര നടപടി. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് കോടതി പറഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രസർക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു. 

click me!