
കൊൽക്കത്ത: ലോക പ്രശസ്ത മാജിക്കുകാരൻ ഹാരി ഹൗഡിനിയെ അനുകരിച്ച കൊൽക്കയിലുള്ള മാജിക്കുകാരന് ദാരുണാന്ത്യം. 100 വർഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ‘കാണാതാകൽ’ മാജിക് അനുകരിക്കുന്നിനിടെയാണ് മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരി (40) ഹൂഗ്ലി നദിയിൽ മുങ്ങി മരിച്ചത്.
ബന്ധനസ്ഥനായി ഇരുമ്പ് കൂട്ടിലടച്ച ശേഷം വാതിലുകൾ താഴിട്ട് പൂട്ടി വെള്ളത്തിനടിയിൽ താഴ്ത്തിയതിന് ശേഷം രക്ഷപ്പെടുന്നതാണ് ‘കാണാതാകൽ’ മാജിക്. ആറ് താഴിട്ട് പൂട്ടിയതിന് ശേഷമാണ് ചഞ്ചലിനെ വെള്ളത്തിലേക്ക് താഴ്ത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. 2013-ൽ ഇതേ മാജിക് ചഞ്ചൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഹൗറ പാലത്തിന് സമീപത്തായാണ് മാജിക് അറങ്ങേറിയത്. കാലുകൾ കെട്ടിയിട്ട്, വായ മൂടികെട്ടിയ ശേഷം ക്രെയിൻ വഴി ചഞ്ചലിനെ നദിയിലേക്ക് ഇടുകയായിരുന്നു. നദിക്കടിയിൽനിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ട് കരയിലേക്ക് നീന്തി വരുമെന്നാണ് ചഞ്ചൽ കാണികളോട് പറഞ്ഞിരുന്നത്. എന്നാൽ ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് കാണികൾ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നോർത്ത് പോർട്ട് പൊലീസ് സ്ഥലത്തെത്തി. നീന്തൽ വിദഗ്ധരും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടുകിട്ടിയില്ല.
അതേസമയം ചഞ്ചലിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച ഏറെ വൈകിയതിനാൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മാജിക്ക് അവതരിപ്പിക്കുന്നതിന് കൊൽക്കത്ത പൊലീസ്, കൊൽക്കത്ത പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽനിന്ന് ചഞ്ചൽ അനുവാദം വാങ്ങിച്ചിരുന്നു. എന്നാൽ ബോട്ടിലോ കപ്പലിലോ മാജിക് നടത്തുമെന്ന് പറഞ്ഞാണ് അനുമതി തേടിയതെന്നും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അതിസാഹസികമായാണ് ചഞ്ചൽ മാജിക് അവതരിപ്പിച്ചതെന്നും പോർട്ട് ട്രസ്റ്റ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam