
പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകർക്ക് ശുദ്ധ ജലം ലഭ്യമാക്കാൻ 200 'വാട്ടർ എടിഎമ്മുകൾ' സ്ഥാപിച്ച് ഉത്തർപ്രദേശ് ജൽ നിഗം (അർബൻ). ശുദ്ധീകരിച്ച കുടിവെള്ളം പൂർണമായും സൗജന്യമായാണ് ലഭ്യമാക്കുക. തീർത്ഥാടകർക്ക് അവരുടെ കുപ്പികളിലോ പാത്രങ്ങളിലോ ശുദ്ധമായ കുടിവെള്ളം നിറയ്ക്കാൻ ഇതിലൂടെ സാധിക്കും.
വാട്ടർ എടിഎമ്മുകളിലെ പ്രാരംഭ സാങ്കേതിക പ്രശ്‌നങ്ങൾ ഇതിനകം പരിഹരിച്ചതായി ജൻ നിഗം അർബൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ പറഞ്ഞു. വാട്ടർ എടിഎമ്മുകൾക്ക് നേരത്തെ ഈടാക്കിയിരുന്ന 1 രൂപ ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടകരെ സഹായിക്കാൻ ഓരോ വാട്ടർ എടിഎമ്മിലും ഓപ്പറേറ്റർമാരുണ്ട്. സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ വഴി സാങ്കേതിക പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എന്തെങ്കിലും തകരാർ ഉണ്ടായാൽ വാട്ടർ കോർപ്പറേഷനിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ഉടൻ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ വാട്ടർ എടിഎമ്മും പ്രതിദിനം 12,000 മുതൽ 15,000 ലിറ്റർ വരെ ശുദ്ധ ജലം വിതരണം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ഭക്തർക്ക് ഇത് പ്രയോജനം ചെയ്തതായാണ് വിലയിരുത്തൽ. മകരസംക്രാന്തി ദിനമായ ജനുവരി 14ന് 46,000 ലിറ്റർ കുടിവെള്ളമാണ് വാട്ടർ എടിഎമ്മുകൾ വഴി വിതരണം ചെയ്യപ്പെട്ടത്. സമാനമായ രീതിയിലുള്ള ക്രമീകരണങ്ങളാണ് മൗനി അമാവാസി മുന്നിൽ കണ്ട് ഒരുക്കിയിരിക്കുന്നത്. മൗനി അമാവാസിയുടെ ഭാഗമായി 10 കോടി ആളുകൾ മഹാ കുംഭമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മഹാ കുംഭമേളയിലേയ്ക്ക് തീർത്ഥാടകരുടെ ഒഴുക്ക് കുറവില്ലാതെ തുടരുകയാണ്. ഇതുവരെ 10 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
READ MORE: കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്നാട് മന്ത്രിയുടെ 1.26 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam