
മുംബൈ: കാവൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, മഹാരാഷ്ട്രയിലെ തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം റിസോര്‍ട്ടിലേക്ക് മാറ്റും. രാജസ്ഥാനിലെ ജയ്‌പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. രാജസ്ഥാനില്‍ കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാലാണ് ഈ തീരുമാനം.
ഇതിനായി എല്ലാ എംഎൽഎമാരോടും അടിയന്തിരമായി മുംബൈയിലേക്ക് എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയാണ് ശിവസേന. ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതാക്കളെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി.
ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന.
എംഎൽഎമാരെ റിസോർട്ടിലൊളിപ്പിച്ചും സമവായ ചർച്ചകൾക്കുള്ള വാതിലുകൾ അടച്ചും കനത്ത സമ്മർദ്ദമാണ് ശിവസേന ഉയർത്തുന്നത്.
അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതാണെന്നും എന്നിട്ടും താൻ കളവാണ് പറയുന്നതെന്നും പരസ്യമായി പറഞ്ഞ്, ദേവേന്ദ്ര ഫഡ്നാവിസ് മുറിവേൽപ്പിച്ചെന്ന് ഉദ്ദവ് പറഞ്ഞു. 15 ദിവസം നടത്തിയ സമ്മർദ്ദം മുഖ്യമന്ത്രി പദം കിട്ടാതെ അവസാനിക്കില്ലെന്നും കൂടിക്കാഴ്ചയിൽ സേന നിലപാടെടുത്തു.
അതേസമയം ശിവസേന എംഎൽഎമാരുടെ യോഗം ഇന്നും ചേരും. എല്ലാ എംഎൽഎമാരോടും മുംബൈയിലെത്താൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ വൈകീട്ട് നാല് മണിവരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവൻ അറിയിച്ചു. അതിന് മുൻപും ശേഷവും സർക്കാർ രൂപീകരിക്കാനായി കക്ഷികളെ ക്ഷണിക്കാൻ ഗവർണർക്ക് കഴിയും.
ആരും സർക്കാർ രൂപീകരിക്കില്ലെന്ന് ഉറപ്പായാലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ ഫഡ്നാവിസ് തന്നെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam