
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്.
കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനിഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതിനിടെ, കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപന അധികൃതർ നേരത്തേ നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
നാലുനിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ കെട്ടിടത്തിന്റെ ഒരുഭാഗത്തുനിന്ന് വലിയ വിള്ളലിന്റെ ശബ്ദങ്ങൾ കേട്ടിരുന്നതായി താമസക്കാർ പറഞ്ഞു. ഇതോടെ കെട്ടിടത്തിലുണ്ടായിരുന്ന ചിലരെയെല്ലാം ഒഴിപ്പിച്ചു. എന്നാൽ, മറ്റുചിലർ കെട്ടിടത്തിൽ തുടർന്നു. ഇതിനുപിന്നാലെയാണ് രാത്രി 11.30-ഓടെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam