എംഎൽഎയുടെ അടിയും കിട്ടി, ലൈസൻസും പോയി; മഹാരാഷ്ട്രയിലെ എംഎൽഎ കാന്റീനിന്റെ ലൈസൻസ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വിഭാ​ഗം

Published : Jul 10, 2025, 04:15 AM IST
Sanjay Gaikwad

Synopsis

ഗുണനിലവാര റിപ്പോർട്ടിൽ അടുക്കളയിലെ തറയിൽ മാലിന്യം അടിഞ്ഞുകൂടുന്നത് കണ്ടെത്തി. നോൺ-വെജ്, വെജ് എന്നിവ ശരിയായി വേർതിരിക്കുന്നില്ലെന്നും ഇവ പാകം ചെയ്യാനായി വെവ്വേറെ പാത്രങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തി.

മുംബൈ: എംഎൽഎ ഹോസ്റ്റലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കാന്റീൻ ഓപ്പറേറ്ററെ എംഎൽഎ മർദ്ദിച്ച സംഭവത്തിന് പിന്നാലെ കാന്റീനിന്റെ ലൈസൻസ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വിഭാ​ഗം. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ലൈസന്ഡസ് റദ്ദാക്കിയത്. എംഎൽഎയുടെ പരാതിയെ തുടർന്ന് പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം. 

ഗുണനിലവാര റിപ്പോർട്ടിൽ അടുക്കളയിലെ തറയിൽ മാലിന്യം അടിഞ്ഞുകൂടുന്നത് കണ്ടെത്തി. നോൺ-വെജ്, വെജ് എന്നിവ ശരിയായി വേർതിരിക്കുന്നില്ലെന്നും ഇവ പാകം ചെയ്യാനായി വെവ്വേറെ പാത്രങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തി. തൊഴിലാളികൾക്ക് വസ്ത്രം മാറാൻ മുറി ഉണ്ടായിരുന്നില്ല. തുറന്ന ചവറ്റുകുട്ടകൾ, തറയിൽ മുട്ടത്തോട്, ചവറ്റുകുട്ടകൾക്ക് സമീപം തയ്യാറാക്കിയ ഭക്ഷണം എന്നിവയും കണ്ടെത്തി. തൊഴിലാളികൾ കൈയുറകളും യൂണിഫോമുകളും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്.

പച്ചക്കറികൾ തറയിൽ വച്ചതായും, വൃത്തിഹീനമായ മരപ്പലകകളിൽ പച്ചക്കറികൾ അരിഞ്ഞതായും സാധനങ്ങൾ വൃത്തിഹീനവും തുരുമ്പിച്ചതുമായ പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നതെന്നും പറയുന്നു. വെണ്ണപ്പാത്രത്തിൽ ചത്ത ഈച്ചകളെ കണ്ടെത്തിയതിന് പുറമെ,  തകർന്ന അടുക്കള ടൈലുകൾ, ശരിയായ വായുസഞ്ചാരം ഇല്ല, മൂടിയില്ലാത്ത തയ്യാറാക്കിയ ഭക്ഷണം, എണ്ണയുടെ പുനരുപയോഗം, തുരുമ്പിച്ച കത്തികൾ എന്നിവയും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടി. അജന്ത കാറ്ററേഴ്‌സ് ആയിരുന്നു ആകാശവാണി എംഎൽഎ ഹോസ്റ്റൽ കാന്റീൻ നടത്തിയിരുന്നത്.

ശിവസേന എംഎൽഎ സഞ്ജയ് ​ഗെയ്ക്‍വാദ് ആണ് കാന്‍റീൻ നടത്തിപ്പുകാരനെ മർദ്ദിച്ചത്. പരിപ്പ് കറി പഴയതാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കാന്‍റീനിലെ പരിപ്പുകറി കഴിച്ചതിന് പിന്നാലെ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും എംഎൽഎ പരാതിപ്പെട്ടു. 'ഭക്ഷണം, പ്രത്യേകിച്ച് പരിപ്പ്, ഗുണനിലവാരം ഇല്ലാത്തതായിരുന്നുവെന്നും കഴിച്ച ഉടനെ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടെ'ന്നുമാണ് ഗെയ്ക്‌വാദ് പറയുന്നത്. ഭക്ഷണം പോരെന്നും പരിപ്പിന് ഗുണ നിലവാരമില്ലെന്നും പറഞ്ഞ് എംഎൽഎ കാന്‍റീൻ നടത്തിപ്പുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. പരിപ്പ് പായ്ക്കറ്റ് മുഖത്തിന് നേരെ നീട്ടി മണത്ത് നോക്കാൻ പറയുന്നതും വീഡിയോയിൽ കാണാം.

പിന്നാലെ സഞ്ജയ് ​ഗെയ്ക്‍വാദ് കാന്‍റീൻ ജീവനക്കാരന്‍റെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. അടിയേറ്റ് ജീവനക്കാരൻ നിലത്ത് വീണു. എഴുനേറ്റ ഇയാളെ എംഎംഎൽ വീണ്ടും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ‘ഞാൻ എന്‍റെ രീതിയിൽ, ശിവ സേനയുടെ രീതിയിൽ’ പാഠം പഠിപ്പിച്ചു എന്ന് സഞ്ജയ് ​ഗെയ്ക്‍വാദ് മർദ്ദനത്തിന് ശേഷം പറയുന്നതും പുറത്ത് വന്ന വീഡിയോയിൽ ഉണ്ട്.

വീഡിയോ വൈറലായതോടെ എംഎൽഎക്കെതിരെ വിമർശനം ഉയർന്നു. ഭക്ഷണം മോശമാണെങ്കിൽ അത് പറഞ്ഞ് തിരുത്തുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്യാം, എങ്ങനെയാണ് ഒരാളെ ക്രൂരമായി മർദ്ദിക്കാൻ പറ്റുന്നതെന്നാണ് വിമർശനം. എന്നാൽ തനിക്ക് വിളമ്പിയ ഭക്ഷണം മോശം ഗുണനിലവാരമുള്ളതാണെന്നും നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു. ബുൽദാനയിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഗെയ്ക്വാദ് ശിവസേന എക്നാഥ് ഷിൻഡെ വിഭാഗം നേതാവാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല