കൊവിഡ്: ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി ഉദ്ധവ് താക്കറെ

By Web TeamFirst Published Apr 14, 2021, 7:04 PM IST
Highlights

മെഡിക്കല്‍ ഓക്സിജനും കിടക്കകളും റെംഡിസിവിര്‍ മരുന്നും സംസ്ഥാനത്ത് കടുത്ത ദൗര്‍ലഭ്യമുണ്ട്. ഓക്സിജന്‍ വിതരണത്തിന് വായുസേനയെ നിയോഗിച്ച് കേന്ദ്രം സഹായിക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്.

മുംബൈ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതിരൂക്ഷമായതിന് പിന്നാലെ രോഗികള്‍ക്ക് ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വ്യോമസേനയെ സഹായത്തിനായി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. മെഡിക്കല്‍ ഓക്സിജനും കിടക്കകളും റെംഡിസിവിര്‍ മരുന്നും സംസ്ഥാനത്ത് കടുത്ത ദൗര്‍ലഭ്യമുണ്ട്. ഓക്സിജന്‍ വിതരണത്തിന് വായുസേനയെ നിയോഗിച്ച് കേന്ദ്രം സഹായിക്കണമെന്നാണ് ഉദ്ധവ് താക്കറെ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്.

കടുത്ത സമ്മര്‍ദത്തിന് ഇടയിലും സംസ്ഥാനത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ ഉദ്ധവ് ഇന്നലെ അഭിസംബോധന ചെയ്തിരുന്നു. സംസ്ഥാനത്തെ ആരോഗ്യ രക്ഷാസംവിധാനങ്ങളില്‍ അമിതഭാരമാണ് ഇപ്പോഴുള്ളതെന്നും ഉദ്ധവ് നിരീക്ഷിച്ചു. ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഓക്സിജന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാവുകയാണ്.

ഉദ്ധവ് താക്കറെയുടെ ആവശ്യപ്രകാരം ജാംനഗറിലെ റിലയന്‍സ് പ്ലാന്‍റ് 100 മെട്രിക് ടണ്‍ ഓക്സിജനാണ് മഹാരാഷ്ട്രയ്ക്കായി അധികമായി  നിര്‍മ്മിക്കാമെന്ന് ധാരണയായിട്ടുണ്ട്. 60212 പുതിയ കൊവിഡ് രോഗികളാണ് ഇന്ന് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിക്കുന്നത് 593042 പേരിലായി. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറില്‍ 281 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നാളെ രാത്രി 8 മണിമുതല്‍ 15 ദിവസത്തേക്ക് 144 പ്രഖ്യാപിക്കുകയാണെന്നും ഉദ്ധവ് താക്കറെ വിശദമാക്കി. 

click me!