Latest Videos

കൊവിഡ് പിടിമുറുക്കി മഹാരാഷ്ട്ര; രോ​ഗബാധിതർ ഒരു ലക്ഷം കടന്നു; രാജ്യത്ത് ആകെ മരണം 9520

By Web TeamFirst Published Jun 15, 2020, 11:23 PM IST
Highlights

മഹാരാഷ്ട്രയിൽ ഇന്ന് 2786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 110744 ആയി. നിലവിൽ ചികിത്സയിലുള്ളത് 50554 പേരാണ്.

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ 11000ത്തിലധികം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 3.32 ലക്ഷം കടന്നു. 9520 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ ഇന്ന് 2786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 110744 ആയി. നിലവിൽ ചികിത്സയിലുള്ളത് 50554 പേരാണ്. ഇന്ന് 5071 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായത് 56049 പേർക്കാണ്. സംസ്ഥാനത്ത് കൊവിഡ് മരണം 4128 ആയി. ഇന്ന് മാത്രം 172 പേരാണ് ഇവിടെ മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മുംബൈയിൽ  ഇന്ന്  1067 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം ഇന്ന് 68 മരണം ഉണ്ടായി. 

ദില്ലിയിൽ ഇന്ന് 1647 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 42829 ആയി. ഇന്ന്  73 പേർ രോ​ഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 1400 ആയി. നിലവിൽ  25002 പേരാണ് ചികിത്സയിലുള്ളത്. ദില്ലിയിലെ ആശുപത്രികളിൽ കൊവിഡ് വാർഡുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നിർദ്ദേശിച്ചു. ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് കൗൺസിലിംഗ് നൽകണം. ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ആഹാരം ലഭ്യമാക്കാൻ ബദൽ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി എൽഎൻജെപി ആശുപത്രി സന്ദർശിച്ച് കൊവിഡ‍് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അമിത് ഷാ ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്.

തമിഴ്നാട്ടിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കൊവിഡ് മരണനിരക്ക് ഉയരുന്നതാണ് ഏറ്റവും വലിയ ആശങ്ക. 24 മണിക്കൂറിനിടെ 44 മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതോടെ മരണസംഖ്യ 479 ആയി. ചെന്നൈയിൽ മാത്രം 35 പേരാണ് ഇന്ന് മരിച്ചത്. ഇന്ന് തമിഴ്നാട്ടിൽ 1843 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1257 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് ആകെ രോഗബാധിതർ 46504 ആയി. 

Read Also: മാസ്‌കില്ല, സാമൂഹിക അകലമില്ല; നിയന്ത്രണങ്ങള്‍ വീണ്ടും ലംഘിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമുലു...

 

click me!