
മുംബൈ: അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് എൻസിപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി. എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. സുനേത്ര പവാർ പിൻഗാമിയായി എത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ഇതിനിടെ വിമാനാപകടത്തിൽ അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് നടത്തിയ പ്രതികരണം അടക്കം വിവരങ്ങൾ ബ്ലാക്ക് ബോക്സ് പരിശോധനയിൽ ലഭിച്ചു.
ബിജെപി സഖ്യത്തോടൊപ്പം പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്നാണ് എൻസിപിയിലെ പൊതുവികാരം. അജിത് പവാറിൻ്റ ഭാര്യ എന്ന നിലയിൽ സുനേത്ര അധികാര സ്ഥാനത്തേക്ക് എത്തണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. മറാഠാ നേതാവിനെ മാത്രമേ പാർട്ടി എംഎൽഎമാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂവെന്നാണ് വിലയിരുത്തൽ. അതിനാൽ ബാരാമതിയിൽ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ സുനേത്ര തന്നെ മത്സരിക്കണമെന്നാണ് പൊതുവികാരം. ഇക്കാര്യം സുനേത്രയെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാ അംഗത്വം രാജിവെച്ച് പാർട്ടി അധ്യക്ഷ സ്ഥാനവും ഉപ മുഖ്യമന്ത്രി സ്ഥാനവും സുനേത്ര ഏറ്റെടുക്കണമെന്നാണ് ആവശ്യം. എന്നാൽ മുതിർന്ന നേതാക്കളോട് ഇക്കാര്യത്തിൽ തീരുമാനം സുനേത്ര അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനുള്ളിൽ എൻസിപിയുടെ യോഗം ചേരുന്നുണ്ട് അന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായേക്കും.
അജിത്ത് പവാറിന്റെ മകൻ പാർത്ഥിൻ്റെ പേര് പരിഗണനയിലുണ്ടെങ്കിലും പാർട്ടിയെ ഒന്നിച്ചു കൊണ്ടു പോകാൻ പാർത്ഥിന് കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. രണ്ട് എൻസിപികളും ലയനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നേരത്തെ നടത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ബിജെപി സഖ്യത്തിൽ നിന്ന് മാറേണ്ടതില്ലെന്നാണ് ഭൂരിപക്ഷത്തിൻ്റെ നിലപാട്. എൻസിപിയിലെ രാഷ്ട്രീയ നീക്കങ്ങൾ ബിജെപിയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്. ഇതിനിടെ വിമാന അപകടത്തിന്റെ അന്വേഷണം മഹാരാഷ്ട്ര സിഐഡി ക്ക് കൈമാറി സർക്കാർ ഉത്തരവിട്ടു. അപകടം നടന്ന സ്ഥലത്ത് ഇന്നും പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞദിവസം ലഭിച്ച ബ്ലാക്ക് ബോക്സിൽ നിന്ന് വിവര ശേഖരണം തുടങ്ങി. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം ശേഖരിച്ചിട്ടുണ്ട്. അതേസമയം, ബാരാമതി വിമാനത്താവളത്തിൽ സ്ഥിരം എടിസി ഇല്ലാത്തതും അഗ്നിശമന സംവിധാനത്തിന്റെ അഭാവവും ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam