വരണ്ടുണങ്ങി മഹാരാഷ്ട്ര; മൂന്നാം ലോങ്ങ് മാർച്ചിന് കിസാൻ സഭ

By Web TeamFirst Published May 21, 2019, 8:13 AM IST
Highlights

കൃഷി തകർച്ചയും ആത്മഹത്യയും മഹാരാഷ്ട്രയിൽ തുടരുകയാണ്. സംസ്ഥാന സർക്കാരിനെ പൂർണ്ണമായും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം ശക്തമായ സമരത്തിനാണ് ഒരുങ്ങുന്നത്. ജൂണ്‍ ആദ്യം അഖിലേന്ത്യ കിസാൻ സഭ സമരത്തിന് തുടക്കമിടും.

മുംബൈ: മൂന്നാം ലോംഗ് മാർച്ചിലേക്ക് നീങ്ങുന്നു എന്ന സൂചനയുമായി കിസാൻ സഭ. വരൾച്ചയും കാർഷിക പ്രതിസന്ധിയും ഉയർത്തി മഹാരാഷ്ട്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് കിസാൻ സഭ തീരുമാനം. സർക്കാരിനെതിരെ എൻസിപിയും കോണ്‍ഗ്രസും ശക്തമായ വിമർശനങ്ങൾ ഉയർത്തി കഴിഞ്ഞു.

വരണ്ടുണങ്ങുന്ന മഹാരാഷ്ട്രയിൽ വരൾച്ച നേരിടാനുള്ള നടപടികൾ ഫലംകണ്ടിട്ടില്ല. നാല് ശതമാനം വെള്ളം മാത്രമാണ് വരൾച്ചാ മേഖലകളിലെ ഡാമുകളിൽ അവശേഷിക്കുന്നത്. കൃഷി തകർച്ചയും ആത്മഹത്യയും തുടരുന്നു. സംസ്ഥാന സർക്കാരിനെ പൂർണ്ണമായും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം ശക്തമായ സമരത്തിനാണ് ഒരുങ്ങുന്നത്. ജൂണ്‍ ആദ്യം അഖിലേന്ത്യ കിസാൻ സഭ സമരത്തിന് തുടക്കമിടും.

കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ ലോംഗ്‍മാർച്ചുകൾ സർക്കാർ ഉറപ്പിനെ തുടർന്ന് പിൻവലിച്ചെങ്കിലും ഉറപ്പുകൾ പാഴ്വാക്കായി. ഈ വർഷം ശരാശരി ആറ് കർഷകർ ദിവസം ആത്മഹത്യചെയ്യുന്നുവെന്നാണ് പുറത്തു വരുന്ന കണക്കുകൾ. മൂന്നാം ലോംഗ്‍മാർച്ചിന് കിസാൻ സഭ തുനിഞ്ഞാൽ ഇത് നേരിടുകയും സർക്കാരിന് വെല്ലുവിളിയാണ്. 

വരൾച്ചാബാധിത മേഖലകൾ സന്ദർശിച്ച് എൻസിപി അധ്യക്ഷൻ ശരദ്പവാറും പിസിസി അധ്യക്ഷൻ അശോക് ചവാനും ശക്തമായ വിമർശനമാണ് ഉയർത്തിയത്. വരൾച്ചാ ബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കർഷകപ്രശ്നം സർക്കാരിന് വെല്ലുവിളിയാണ്.

click me!