
മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ദില്ലി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. അപ്പീൽ നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ പതിനൊന്ന് മണിക്ക് വാദം കേൾക്കും.
ബോബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെയും കേസിൽ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്. 2014 ലാണ് ജിഎൻ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ.
മാവോയിസ്റ്റ് കേസില്‍ ജി എന്‍ സായിബാബ കുറ്റവിമുക്തന്‍, അറസ്റ്റ് ചെയ്തത് 8 വര്‍ഷം മുമ്പ്
കേസിൽ ജെ എൻ യു വിദ്യാർഥി അടക്കം ആറ് പേർ അറസ്റ്റിലായി. 2017 ൽ യുഎപിഎ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരിൽ ഒരാളായ പാണ്ടു നരോത്തെ എച്ച് 1 എൻ 1 ബാധിച്ച് നാഗ്പൂർ സെൻട്രൽജയിലിൽ വച്ച് മരിച്ചിരുന്നു. പോളിയോ ബാധിച്ചു വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിൻറെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തി. അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിലാണ് ബോംബെ ഹൈക്കോടതി ഇന്നദ്ദേഹത്തെ കുറ്റവിമുക്തമാക്കിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിയെ സമീപിച്ചുവെങ്കിലും സ്റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി വിശദമായ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.