മുംബൈ: മാവോയിസ്​റ്റ്​ ബന്ധം ആരോപിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബ അടക്കം അഞ്ചു പേർക്ക്​ ജീവപര്യന്തം. നിര​രോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചുവെന്നും ദേശദ്രോഹ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതിയാണ്​ ജീവപര്യന്തം തടവ്​ വിധിച്ചത്​.

ഡൽഹി യൂണിവേഴ്​സിറ്റിക്ക്​ കീഴിലെ രാംലാൽ ആനന്ദ് ​കോളജിലെ ഇംഗ്ലീഷ്​ വിഭാഗം പ്രൊഫസറായ സായിബാബയെ ഡൽഹിയിലെ വസതിയിൽ നിന്ന് 2013 മേയ് ഒമ്പതിനാണ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളിലും പെൻ ഡ്രൈവുകളിലും ഹാർഡ് ഡിസ്ക്കുകളിലും മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയെന്നാണ് പൊലീസ് വാദം.

ജെ.എൻ.യു വിദ്യാർഥി ഹേം മിശ്രയെ ചോദ്യം ചെയ്​തതിൽ നിന്നാണ്​ സായിബാബയെ കുറിച്ചുള്ള വിവരം പൊലീസിന്​ ലഭിക്കുന്നത്​. ഛത്തീസ്​ഗഡിലെ അബുജുമാദ്​ വനത്തിലെ മാവോയിസ്​റ്റുകളുമായി സായിബാബക്ക്​ ബന്ധമുണ്ടെന്നാണ്​ പൊലീസ്​ ആരോപിക്കുന്നത്​.
അംഗവൈകല്യമുള്ള സായിബാബക്ക് ചികിത്സാവശ്യാർഥം കഴിഞ്ഞവർഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ പ്രതിയായ വിജയ്​ തിർക്കേക്ക്​ പത്ത്​ വർഷത്തെ തടവിനും ശിക്ഷിച്ചു. നേരത്തെ ഇവർക്കെതിരെ കോടതി യു.എ.പി.എ ചുമത്തിയിരുന്നു.