മഹാരാഷ്ട്ര: സോണിയ-പവാർ കൂടിക്കാഴ്ച ഇന്ന് ദില്ലിയില്‍; ശിവസേനയെ അനുനയിപ്പിക്കാനൊരുങ്ങി അമിത് ഷാ

By Web TeamFirst Published Nov 18, 2019, 6:38 AM IST
Highlights

സോണിയയുടെ ദില്ലിയിലെ വസതിയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിയുടെ കരട് ശിവസേനയടക്കമുള്ള മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒന്നിച്ചിരുന്ന് തയാറാക്കിയിരുന്നു.

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സ‍ർക്കാരുണ്ടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ഇന്ന് ചർച്ച നടത്തും. സോണിയയുടെ ദില്ലിയിലെ വസതിയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം.

സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിയുടെ കരട് ശിവസേനയടക്കമുള്ള മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒന്നിച്ചിരുന്ന് തയാറാക്കിയിരുന്നു. ഇതിൽ ഭേദഗതി വേണോ എന്ന് യോഗത്തിൽ ചർച്ച ചെയ്യും. സഖ്യസർക്കാരിൽ ചേരണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം ഗവർണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയിൽ നിന്ന് മൂന്ന് പാർട്ടികളും പിന്മാറിയിരുന്നു. അവസാന നിമിഷമാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. 

അതേസമയം ശിവസേനയുമായുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുക്കുമെന്ന സൂചനയുമായി എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് രാംദാസ് അത്താവലെ ഇന്നലെ രംഗത്ത് വന്നു. 

click me!