
മുംബൈ : കൊവിഡ് കാരണം തൊഴിൽ നഷ്ടമായ ലൈംഗികതൊഴിലാളികൾക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഗാഡി സർക്കാർ ഇന്നലെ ഉത്തരവായി. ഒക്ടോബർ മുതൽ മൂന്നു മാസത്തേക്കാണ് ഈ പ്രതിമാസ സാമ്പത്തിക സഹായം ബോംബെയിലെ സെക്സ് വർക്കർമാർക്ക് ലഭ്യമാവുക.
ഈ പദ്ധതിക്കുവേണ്ടി മഹാരാഷ്ട്ര സർക്കാർ 50 കോടിയാണ് നീക്കിവെച്ചിട്ടുള്ളത് എന്ന് സംസ്ഥാനത്തെ മഹിളാശിശുക്ഷേമ വകുപ്പുമന്ത്രി അഡ്വ. യശോമതി താക്കൂർ ഫ്രീപ്രസ് ജേർണലിനോട് പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളിക്ക് ഈ തുകയ്ക്ക് പുറമെ 2500 രൂപ അവരുടെ പഠനച്ചെലവിലേക്കായും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് അർഹരായ 31,000 സെക്സ് വർക്കർമാരെ സംസ്ഥാന ഗവൺമെന്റ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നയിക്കുന്ന സ്ത്രീകൾക്ക് കൊവിഡ് കാലം പഞ്ഞക്കാലമായിട്ടുണ്ട് എങ്കിലും, ഈ വിഭാഗത്തിന് വേണ്ടി ആദ്യമായി ഒരു ഗവൺമെന്റ് പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോൾ മഹാരാഷ്ട്ര സർക്കാരാണ്.
മഹാരാഷ്ട്രയിൽ ഇന്നലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടുലക്ഷം കടന്നിരുന്നു.സംസ്ഥാനത്ത് ഇപ്പോൾ 85,000 -ൽ പരം ആക്റ്റീവ് കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതുവരെ പത്തുകോടിയിലധികം പൗരന്മാരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ള മഹാരാഷ്ട്ര ഗവൺമെന്റ് ടെസ്റ്റിംഗിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam