
ബെംഗളൂരു: ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര നിവാസിയായ 61കാരൻ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. മരുമകന്റെ അഭാവത്തിൽ ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തിവന്നത് ഇയാളായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ വെങ്കടരാമനപ്പ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശി തേടിയെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്.
ക്ഷേത്രത്തിന് പുറത്ത് പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീ പെൺകുട്ടി പുരോഹിതനോടൊപ്പം പോയെന്ന് വിവരം നൽകി. തുടർന്ന് പെൺകുട്ടിയെ പുരോഹിതന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുത്തശ്ശി നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നോർത്ത് ഈസ്റ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സികെ ബാബ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വൈദ്യപരിശോധനാ റിപ്പോർട്ട് വന്നാൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കിയതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam