
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ മെയ് മാസത്തിൽ മാത്രം 8000 ത്തിലധികം കുട്ടികളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് പിടിമുറുക്കുകയാണോ എന്ന ആശങ്കയിലാണ് അധികൃതർ. കുട്ടികളെ ബാധിച്ചേക്കാവുന്ന കൊവിഡിന്റെ മൂന്നാം തരംഗത്തെ ചെറുക്കാനുളള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര സർക്കാർ. സാംഗ്ലി നഗരത്തിൽ കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാർഡുകൾ തയ്യാറാക്കുന്നുണ്ട്. നിലവിൽ അഞ്ച് കുട്ടികളാണ് ഇവിടെ ചികിത്സയിലുള്ളത്. കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്യുന്നുണ്ട്.
'കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാർഡ് തയ്യാറാക്കുന്നുണ്ട്. അതിനാൽ കൊവിഡിന്റെ മൂന്നാം തരംഗം വന്നാൽ അതിന്റെ പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറാണ്. ആശുപത്രിയിലാണെന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകാത്ത വിധത്തിലാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ. സ്കൂളിലോ നഴ്സറിയിലോ ആണെന്ന തോന്നലാണ് അവർക്കുണ്ടാകുക.' ഉദ്യോഗസ്ഥനായ അഭിജിത് ഭോസാല പറഞ്ഞു. അഹമ്മദ് നഗറിലെ എണ്ണായിരത്തിലധികം കുട്ടികൾക്കും കൗമാരപ്രായക്കാർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ ആശങ്കയിലാണ്. മൂന്നാം തരംഗത്തെ നേരിടാൻ ശിശുരോഗവിദഗ്ധരെ തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഒറ്റ മാസം കൊണ്ട് ഇത്രയധികം കുട്ടികളിൽ കൊവിഡ് ബാധ കണ്ടെത്തിയത് അത്യന്തം ആശങ്കാ ജനകമാണെന്ന് ജില്ലാ മേധാവി രാജേന്ദ്ര ഭോസാലെ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ കിടക്കകളുടെയും ഓക്സിജന്റെയും കുറവ് അനുഭവപ്പെട്ടിരുന്നു. മൂന്നാം തരംഗം സംഭവിച്ചാൽ ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ സ്വയം സജ്ജരാകേണ്ടതുണ്ടെന്ന് എംഎൽഎ സംഗ്രാം ജഗ്പത് വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കൊവിഡിനെ തുടര്‍ന്ന് വളരെയധികം പ്രതിസന്ധികൾ സംസ്ഥാനത്തിന് നേരിടേണ്ടി വന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam