Latest Videos

'അമ്മ അടുക്കളയില്‍, അച്ഛന്‍ പത്രം വായിക്കുന്നു' ചിത്രങ്ങള്‍ക്ക് വിട; തുല്യതാ ബോധം വളര്‍ത്താന്‍ പാഠപുസ്തകം 'അഴിച്ചുപണിഞ്ഞ്' മഹാരാഷ്ട്ര

By Web TeamFirst Published Jun 19, 2019, 6:00 PM IST
Highlights

എല്ലാ ജോലിയിലും സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തവും കഴിവുമുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കരിക്കുലം കമ്മിറ്റി ഡയറക്ടര്‍ സുനില്‍ മാഗര്‍ പറഞ്ഞു. 

മുംബൈ: അമ്മയെ അടുക്കളയില്‍ ജോലിക്കാരിയാക്കിയും അച്ഛന്‍ കസേരയിലിരുന്ന് പത്രം വായിക്കുന്നതുമായ ചിത്രം മഹാരാഷ്ട്രയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍നിന്ന് നീക്കം ചെയ്യുന്നു. ലിംഗ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ചിത്രം ഒഴിവാക്കാന്‍ തീരുമാനമായത്. രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ചിത്രങ്ങളാണ് നീക്കിയത്. കുടുംബ വ്യവസ്ഥയെക്കുറിച്ചുള്ള പാഠഭാഗത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഇത്തരം ചിത്രങ്ങളായിരുന്നു.

മാറിയ സാമൂഹ്യ വ്യവസ്ഥക്കനുസരിച്ച് പുരുഷനും സ്ത്രീക്കും തുല്യ പങ്കാളിത്തമുള്ള ചിത്രങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് സ്റ്റേറ്റ് കരിക്കുലം ബോര്‍ഡ് ബാല്‍ഭാരത് അറിയിച്ചു. സ്ത്രീയും പുരുഷനും ഒരുമിച്ച് അടുക്കളയില്‍ പച്ചക്കറി അരിയുന്നതും ഡോക്ടറായും ട്രാഫിക് ഉദ്യോഗസ്ഥയായും സ്ത്രീകളെയുമാണ് പുതിയ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പുരുഷന്‍ വസ്ത്രം ഇസ്തിരിയിടുന്നതും  പാചകക്കാരനായുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. എല്ലാ ജോലിയിലും സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തവും കഴിവുമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കരിക്കുലം കമ്മിറ്റി ഡയറക്ടര്‍ സുനില്‍ മാഗര്‍ പറഞ്ഞു.

മാറുന്ന വ്യവസ്ഥക്കനുസൃതമായി പാഠപുസ്തകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തുല്യതയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും പുതിയ പാഠപുസ്തകങ്ങള്‍ അതിനുതകുന്നതാണെന്നും അധ്യാപകര്‍ പ്രതികരിച്ചു. 

click me!