ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: യോഗം ബഹിഷ്കരിച്ച് മായാവതിയും മമതയും അഖിലേഷും കെജ്‍രിവാളും

By Web TeamFirst Published Jun 19, 2019, 5:24 PM IST
Highlights

രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുന്ന കാര്യം ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിൽ എല്ലാ പാർട്ടികളുടെയും സംയുക്തയോഗം വിളിച്ചു ചേർത്തത്. 

ദില്ലി: രാജ്യത്തൊട്ടാകെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്ന കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചു ചേർത്തു. പ്രധാനപ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ബഹിഷ്കരിച്ച യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അവസാന നിമിഷവും കോൺഗ്രസിന്‍റെ പ്രതികരണം. യോഗാധ്യക്ഷൻ നരേന്ദ്രമോദിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

All-party meeting over 'One Nation, One Election' begins at Parliament

Read story | https://t.co/qgVueNFHqL pic.twitter.com/6jIDqN5Iyr

— ANI Digital (@ani_digital)

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, സമാജ്‍വാദി പാർട്ടി അഖിലേഷ് യാദവ്, ബഹുജൻ സമാജ്‍വാദി പാർട്ടി അധ്യക്ഷ മായാവതി, തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവരും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. 

ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‍നായിക് യോഗത്തിൽ അൽപസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീൻ പട്‍നായിക് വ്യക്തമാക്കി. സമാധാനം, അഹിംസ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായും നവീൻ പട്‍നായിക് പറഞ്ഞു.

യോഗത്തിൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദൾ നേതാവ് സുഖ്‍ബീർ സിങ് യാദവ്, പിഡിപി നേതാവ് മെഹ്‍ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നീ നേതാക്കളും എൻസിപിയുടെയും ഡിഎംകെയുടെയും മുസ്ലീം ലീഗിന്‍റെയും പ്രതിനിധികൾ യോഗത്തിനെത്തി. 

പ്രധാനമന്ത്രിയുടെ യോഗത്തിനെതിരെ ശക്തമായ പ്രതികരണമായിരുന്നു എസ്‍പി നേതാവ് അഖിലേഷ് യാദവിന്‍റേത്. ''തെരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങൾ നടപ്പാക്കുകയാണ് ബിജെപി സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. രാജ്യത്തൊട്ടാകെ ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുകയെന്ന സങ്കീർണ്ണ പ്രക്രിയക്കെതിരെ നിരവധി രാഷ്ട്രീയപാർട്ടികൾ രംഗത്തുണ്ട്'', അഖിലേഷ് യാദവ് പറഞ്ഞു.

Samajwadi Party (SP) Chief Akhilesh Yadav: They should focus on the promises they have made to people, we hope they will work more on fulfilling those promises. Decisions like One Nation One Election, there are many parties that will never agree to it. pic.twitter.com/89FBGAxn2I

— ANI (@ANI)

2014-ൽ നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായപ്പോഴാണ് ഈ ആശയം പ്രതിപക്ഷത്തിന് മുൻപാകെ വയ്ക്കുന്നത്. എല്ലാ പാർട്ടികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു സമവായം വേണമെന്നും അന്ന് മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ അന്ന് തന്നെ യുപിഎയും തൃണമൂലും ഇടത് പാർട്ടികളും രംഗത്തെത്തി. 

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം യഥാർത്ഥത്തിൽ പുതിയതല്ല. സ്വാതന്ത്ര്യാനന്തരം ആദ്യത്തെ നാല് തെരഞ്ഞെടുപ്പുകൾ, അതായത് 1952, 1957, 1962, 1967 എന്നീ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തിയത്. ഇതിന് ശേഷം നാലാം ലോക്സഭ കാലാവധിയെത്താതെ പിരിഞ്ഞു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടത്തിത്തുടങ്ങിയത്. 

ഇത്തരം ഒരു തീരുമാനം നടപ്പാകണമെങ്കിൽ പാർലമെന്‍റിലെ ഇരുസഭകളിലെയും മൂന്നിൽ രണ്ട് അംഗങ്ങൾ ഈ ഭരണഘടനാ ഭേദഗതിയോട് യോജിക്കണം. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു സഹകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഇതുകൊണ്ടാണ് മോദി സമവായത്തിന് വേദിയൊരുക്കി പ്രതിപക്ഷത്തെ ക്ഷണിക്കുന്നത്.

എന്നാൽ, മായാവതി മോദിയുടെ ക്ഷണത്തെ പരിഹസിക്കുന്നതിങ്ങനെ: ''നടപ്പാകാത്ത ഇത്തരം ആശയങ്ങളെക്കുറിച്ചല്ല, വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചായിരുന്നു ചർച്ചയെങ്കിൽ ഞാൻ തീർച്ചയായും വന്നേനെ. ഇത്തരമൊരു ചർച്ച തന്നെ അർത്ഥരഹിതമാണ്'', മായാവതി പറ‌യുന്നു. പട്ടിണിയും സാമ്പത്തിക വ്യവസ്ഥയുടെ തകർ‍ച്ചയും പോലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ചർച്ചകളെന്നും വോട്ടിംഗ് യന്ത്രങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മായാവതി ആരോപിക്കുന്നു.

click me!