
മുംബൈ: മഹാരാഷ്ട്രയിൽ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാർട്ടികളാണ് സഖ്യത്തിലായതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. അതേസമയം ഈ മൂന്ന് കക്ഷികളും തമ്മിൽ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രി സ്ഥാനങ്ങൾ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്. ഇന്നോ നാളെയോ ഇക്കാര്യത്തിൽ തീരുമാനമാകും. അജിത് പവാർ ഒപ്പമുണ്ട്. അദ്ദേഹത്തിന് മന്ത്രി സ്ഥാനം നൽകുമോ എന്ന് അറിയില്ലെന്നും ബാലാ സാഹേബ് തോറാട്ട് പറഞ്ഞു.
മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിൽ കോൺഗ്രസിന് 13 മന്ത്രിസ്ഥാനങ്ങൾക്ക് ധാരണയായിട്ടുണ്ട്. സഖ്യസർക്കാരിൽ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് കക്ഷികൾക്കിടയിൽ ആലോചനയുണ്ട്. സ്പീക്കർ സ്ഥാനമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സഖ്യകക്ഷികൾ തമ്മിൽ മന്ത്രിപദവികളിലും മറ്റും ധാരണയുണ്ടാക്കുന്നതിന് ഇന്ന് വീണ്ടും ചർച്ച തുടരും. നാളെയാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് ചടങ്ങ്. നേരത്തെ ഡിസംബർ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്.
ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിഞ്ജ ചെയ്‌ത് അധികാരമേൽക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടായേക്കും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. എംഎൽഎമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam