സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്? മഹാരാഷ്ട്രയില്‍ ഇന്ന് നിര്‍ണായക ദിനം

By Web TeamFirst Published Nov 9, 2019, 6:44 AM IST
Highlights

ശിവസേനയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇന്ന് തീരുമാനമെടുക്കും
 

മുംബൈ: രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. നിലവില്‍ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, ശിവസേനയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇന്ന് തീരുമാനമെടുക്കും. 

മുന്നണിയുടെ ഭാവി തന്നെ പ്രതിസന്ധിലാക്കി പോര് തുടരുകയാണ് സേനയും ബിജെപിയും. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാൻ മറ്റ് വഴികൾ തേടുമെന്ന് പറഞ്ഞ സേന ശരദ് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ്. സേനാ നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ ശരദ് പവാറിനെ കണ്ടതിനുപിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പവാറുമായി കൂടിക്കാഴ്ച നടത്തി. 

സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് പ്രധാനലക്ഷ്യമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ എന്‍സിപി കൂടെ ചേരുമെന്നും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് ശിവസേനയുടെ പ്രതീക്ഷ. സേനയുടെ ഉടക്കിനെത്തുടര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്ന് പിന്നോട്ടുപോയ ബിജെപി പുതിയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. 

click me!