
ദില്ലി : ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയിത്രയെ വിളിപ്പിച്ച് മൊഴിയെടുക്കുന്ന കാര്യം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനിക്കും. അദാനിയെ അപകീർത്തിപ്പെടുത്താൻ മഹുവയെ സഹായിച്ചെന്ന ദർശൻ ഹിരാനന്ദാനിയുടെ ആരോപണം പ്രമുഖ അഭിഭാഷകൻ ശാർദുൽ ഷ്റോഫ് നിഷേധിച്ചു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ മൗനം തുടരുകയാണ്.
ദുബായിൽ താമസിക്കുന്ന ദർശൻ ഹിരാനന്ദാനി ലോക്സഭാ എത്തിക്സ് കമ്മറ്റിക്ക് നൽകിയ സത്യവാങ്മൂലം പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതിയുണ്ടാക്കിയതാണെന്ന് മഹുവ മൊയിത്ര ആരോപിച്ചിരുന്നു. പിന്നാലെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സത്യവാങ്മുലം സാക്ഷ്യപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. മഹുവ മൊയിത്ര ദില്ലിയിലെ ടെലഗ്രാഫ് ലെയിനിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ പണം വാങ്ങി എന്നും ഹീരാനന്ദാനി ആരോപിച്ചിരുന്നു.
നിഷികാന്ത് ദുബേ നൽകിയ പരാതിയോടൊപ്പം ഹിരാനന്ദാനിയുടെ സത്യവാങ്മൂലവും ലോക്സഭാ എത്തിക്സ്കമ്മറ്റി തെളിവായി പരിഗണിക്കും. ഹിരാനന്ദാനിയുടെ ആരോപണങ്ങൾ പ്രമുഖ അഭിഭാഷകൻ ഷാർദുൽ ഷ്റോഫ് നിഷേധിച്ചു. അദാനിക്കെതിരെ ആരോപണമുന്നയിക്കാൻ മഹുവയെ ഷാർദുൽ ഷ്റോഫും ഭാര്യ പല്ലവി ഷ്റോഫും സഹായിച്ചെന്നായിരുന്നു ഹിരാനന്ദാനിയുടെ ആരോപണം. ബാഹ്യപ്രേരണ കാരണമാണ് ആരോപണമെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഷാർദുൽ ഷ്റോഫ് പ്രതികരിച്ചു. മഹുവയ്ക്കെതിരെ ആരോപണം കടുക്കുമ്പോഴും പ്രതിരോധിക്കാൻ തൃണമൂൽകോൺഗ്രസ് നേതാക്കളാരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. അദാനിക്കെതിരെ ആരൊക്കെ സംസാരിച്ചാലും അവരെ രാജ്യത്തിന്റെ ശത്രുക്കളാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നടന്ന നീക്കങ്ങളും ഇതിൻറെ ഭാഗമായിരുന്നെന്നും അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam