ചോദ്യത്തിന് കോഴ ആരോപണം; വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി, പകര്‍പ്പ് പുറത്ത്
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്

ദില്ലി:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തില്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തി. സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പും പുറത്തുവന്നു. ലെറ്റർ പാഡിലല്ലാത്ത സത്യവാങ്മൂലം സംശയകരമെന്ന് മഹുവ മൊയിത്ര പറഞ്ഞിരുന്നു. തുടര്‍ന്നാണ് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നത്. ദുബായിലാണ് ദർശൻ ഹിരാ നന്ദാനി താമസിക്കുന്നത്.
ഇതിനിടെ, ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ ഹർജി പരിഗണിക്കവേ ദില്ലി ഹൈക്കോടതിയിൽ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം നേരിടുന്ന മൊയിത്രയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കേസിൽ നിന്ന് ഒഴിവായി. മൊയിത്രയ്ക്കെതിരായ പരാതി ശരിവച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി നല്കിയ സത്യവാങ്മൂലം ലോക്സഭാ എത്തിക്സ് കമ്മിറ്റി തെളിവായി സ്വീകരിച്ചേക്കും.
അദാനിയെ അപകീർത്തിപ്പെടുത്താൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനി മഹുവ മൊയിത്രയുടെ അക്കൗണ്ട് ഉപയോഗിച്ച് പാർലമെൻറിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്നാണ് ആരോപണം ഉയർന്നത്. മഹുവയുടെ മുൻ സുഹൃത്ത് ആനന്ദ് ദെഹ്രായി ആണ് സിബിഐക്ക് പരാതി നൽകിയത്. ഇക്കാര്യത്തിലുള്ള വാർത്തകൾ പിൻവലിക്കാൻ സാമൂഹ്യമാധ്യമങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന മൊയിത്രയുടെ ഹർജി ദില്ലി ഹൈക്കോടതി പരിഹണിക്കുമ്പോഴാണ് കേസ് പിൻവലിക്കാൻ തന്നെ നിർബന്ധിച്ചെന്ന് ദെഹ്രറായി ചൂണ്ടിക്കാട്ടിയത്. മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഇക്കാര്യം ആവശ്യപ്പെടുന്നതിന്റെ ഫോൺ രേഖയുണ്ട്. പരാതി പിൻവലിച്ചാൽ തർക്കത്തിലുള്ള മഹുവയുടെ വളർത്തുനായയെ മടക്കി നൽകാമെന്ന് അറിയിച്ചതായും ദെഹ്രായി പറഞ്ഞു. കോടതി ഇതിൽ അതൃപ്തി രേഖപ്പെടുത്തിയതോടെ വാദിക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്ന് ഗോപാൽ ശങ്കരനാരായണൻ അറിയിച്ചു.
മഹുവയുടെ പാർലമെൻറ് പേജിൽ ലോഗിൻ ചെയ്ത് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്ന് വ്യവസായി ദർശൻ ഹീരാനന്ദാനി സമ്മതിച്ചിരുന്നു. ഇതിനു പകരം വിലകൂടിയ സമ്മാനങ്ങൾ മഹുവയ്ക്ക് നല്കിയെന്ന് ചൂണ്ടിക്കാട്ടി ദർശൻ വിഷയം പരിഗണിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് കത്തു നല്കി. ഇത് സമിതി തെളിവായി സ്വീകരിച്ച് മഹുവയെ അയോഗ്യയാക്കാനുള്ള ശുപാർശ നല്കിയേക്കും. നരേന്ദ്ര മോദി തോക്കു ചൂണ്ടി ദർശനെ കൊണ്ട് ഇത് എഴുതിച്ചതാണെന്നാണ് മഹുവയുടെ വിശദീകരണം. വിഷയത്തിൽ വിശദാംശങ്ങൾ പരിശോധിക്കുന്നു എന്നാണ് തൃണമൂൽ കോൺഗ്രസിൻറെ പ്രതികരണം.