Asianet News MalayalamAsianet News Malayalam

66 കുഞ്ഞുങ്ങളെ കൊന്ന മരുന്ന്! ഗുണനിലവാരമില്ലെന്ന് കേരളം കേന്ദ്രത്തോട് അന്നേ പറഞ്ഞു, എന്നിട്ടോ?

ഗുണനിലവാരമില്ലെന്ന് ആവ‍ർത്തിച്ച് കണ്ടെത്തിയാലും പലപ്പോഴും കടുത്ത നടപടികൾ ഉണ്ടാകില്ല. പകരം ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തുന്ന ബാച്ച് മരുന്നുകൾ മാത്രം പിൻവലിക്കും

maiden pharmaceuticals cough syrup issue kerala raises early
Author
First Published Oct 6, 2022, 4:52 PM IST

തിരുവനന്തപുരം: ഗാമ്പിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളം നേരത്തെ തന്നെ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ ഒരു തുടർ നടപടിയും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സർക്കാരിന്‍റെ ചില പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കമ്പനിയുടെ പല മരുന്നുകളും രോ​ഗികളിലേക്ക് എത്തിയിരുന്നു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് പ്രമേഹ ചികിൽസക്ക് ഉപയോ​ഗിക്കുന്ന മെറ്റോമിൻ ​ഗുളിക (METOMIN TABLETS,METFORMIN TABLET 100MG), മെറ്റ്ഫോർമിൻ ​ഗുളിക (METFORMIN TABLETS IP500MG-METOMIN),ഈസിപ്രിൻ (EASIPRIN , GASTRO RESISTANT ASPIRIN,IP TABLETS 75MG),മൈകാൾ ഡി ഗുളിക (MAICAL -DTABLETS), മാസിപ്രോ 250 ​ഗുളിക (MACIPRO 250TABLET) എന്നീ ഗുളികകളുടെ ചില ബാച്ചുകൾക്ക് ഗുണനിലവാരമില്ലന്നും ഇതിൽ പ്രശ്നങ്ങൾ ഉണ്ടെന്നും കണ്ടെത്തി കേരളം റിപ്പോര്‍ട്ട് നൽകിയിരുന്നു. 2013ലും 2021ലും ആണ് ഈ റിപ്പോ‍ട്ടുകൾ നൽകിയിട്ടുളളത്.

ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, പട്ടാമ്പി താലൂക്ക് ആശുപത്രി, ചില പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പരിശോധനക്ക് എടുത്ത മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ മരുന്നുകളാണ് ​ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ നിന്നെടുത്ത മൈകാൾ ഡി ഗുളിക (MAICAL -DTABLETS) ബാച്ച് നമ്പർ MT 21-067, 2021 മെയ് മാസം നിർമിച്ച് 2023 ഏപ്രിൽ വരെ കാലാവധി ഉള്ളതാണ്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് എടുത്ത മെറ്റ്ഫോർമിൻ ​ഗുളിക (METFORMIN TABLETS IP500MG-METOMIN) ബാച്ച് നമ്പർ MT21-284, 2012 സെപ്റ്റംബർ മാസത്തിൽ നിർമിച്ച ​ഗുളികയ്ക്ക് 2024 ഓ​ഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.

കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ചെന്ന ആരോപണം; വ്യക്തത വരാനുണ്ട്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഡ്ര​ഗ്സ് കൺട്രോളർ വകുപ്പിന്‍റെ പരിശോധനയിൽ ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ ഉപയോ​ഗിച്ചു കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്ന ബാച്ച് മരുന്നുകൾ ആശുപത്രികളിൽ നിന്ന് തിരിച്ചെടുത്തു. പല തവണയായി ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിയുടെ വിശദാംശങ്ങൾ കേന്ദ്രത്തേയും കേരളം അറിയിച്ചിരുന്നു. ​ഗുജറാത്തും ഇത്തരത്തിൽ പരാതി കേന്ദ്രത്തെ അറിയിച്ചിരുന്നു.

അതേസമയം മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പുകൾ സർക്കാർ ആശുപത്രികളിലേക്ക് വാങ്ങിയിട്ടില്ല. പൊതുവിപണിയിലും ഇല്ലെന്ന് ഡ്ര​ഗ്സ് കൺട്രോളർ അറിയിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ ചില പദ്ധതികൾ വഴി ഈ കമ്പനിയുടെ കഫ് സിറപ്പ് കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന വിവരവും ഉണ്ട്.

ഗുണനിലവാരമില്ലെന്ന് ആവ‍ർത്തിച്ച് കണ്ടെത്തിയാലും പലപ്പോഴും കടുത്ത നടപടികൾ ഉണ്ടാകില്ല. പകരം ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തുന്ന ബാച്ച് മരുന്നുകൾ മാത്രം പിൻവലിക്കും. പരിശോധനക്ക് എടുക്കുന്ന മരുന്നിന്‍റെ പരിശോധന ഫലം വരുന്നത് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കഴിഞ്ഞാണ്. അപ്പോഴേക്കും ഈ ​ഗുളികകൾ ഭൂരിഭാ​ഗവും ഉപയോ​ഗിച്ച് കഴിഞ്ഞിരിക്കും. സംസ്ഥാനത്തെ മരുന്ന് പരിശോധനക്ക് വിപുലമായ സംവിധാനങ്ങളില്ലാത്തതാണ് ഇതിൽ പ്രശ്നമാകുന്നത്.

നടുക്കം മാറുന്നില്ല; ഈ മനുഷ്യക്കുരിതികള്‍ക്ക് അറുതിവരുത്തണം, നിയമലംഘനങ്ങള്‍ തടഞ്ഞേ മതിയാകൂ: കെ സുധാകരന്‍

ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കാതെ വരുന്നതും ​ഗുണനിലവാരമില്ലായ്മയിൽ തുടർനടപടിക്ക് തടസമാകുന്നതും രാജ്യത്തെ മരുന്ന് ​റെഗുലേറ്ററി സംവിധാനത്തിലെ പോരായ്മകളാണ് .പുതിയ മരുന്നുകൾക്ക് മാത്രമാണ് ക്ലിനിക്കൽ ട്രയലും കേന്ദ്ര അനുമതിയും വേണ്ടി വരുന്നത്. എന്നാൽ നേരത്തെ അനുമതി കിട്ടിയ ഒരു മരുന്നിൽ പുതിയ രാസഘടകങ്ങൾ ചേർത്ത് കോമ്പിനേഷൻ മരുന്നുകൾ ഇറക്കാൻ ഈ കടമ്പകൾ ഒന്നുമില്ല. ഇതാണ് ​ഗുണനിലവാരത്തിൽ ഒരു പ്രശ്നമാകുന്നത്. വില നിയന്ത്രണ പട്ടികയിൽ വരുന്ന പല മരുന്നുകളും അതിൽ നിന്ന് പുറത്ത് കടക്കാൻ പുതിയ രാസഘടകങ്ങൾ ചേർത്ത് കോമ്പിനേഷൻ മരുന്ന് ഇറക്കുന്നത് പതിവാണ്. ഇത് നിയന്ത്രിക്കാനോ പരിശോധിക്കാനോ കൃത്യമായ സംവിധാനം ഇല്ല. സംസ്ഥാന തല ഏജൻസിയാണ് പല മരുന്ന് കോമ്പിനേഷനും പ്രോഡക്ട് അപ്രൂവൽ കൊടുക്കുന്നത്. എന്നാൽ ഈ ഏജൻസിക്ക് ടെക്നിക്കൽ കപ്പാസിറ്റി ഇല്ല. വിദ​ഗ്ധരുടെ അഭാവവും തിരിച്ചടിയാണ്. ഇക്കാര്യം അടിവരയിടുന്ന പഠനം നേരത്തെ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയും പബ്ലിക് ഹെൽത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദില്ലിയും നടത്തിയിട്ടുണ്ട്.

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പ് ഉപയോ​ഗിച്ചതാണ് ​ഗാമ്പിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണമെന്ന കണ്ടത്തൽ കേരളം അതി ജാ​ഗ്രതയോടെ കാണേണ്ട വസ്തുതയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മരുന്ന് ഉപഭോ​ഗവും വിപണനവും നടക്കുന്നത് കേരളത്തിലാണ്. 65000 ൽ അധികം ബ്രാൻഡുകളിലായി മൂന്നര ലക്ഷത്തിലധികം ബാച്ച് മരുന്നുകൾ ഒരു വർഷം കേരളത്തിൽ വിറ്റഴിക്കുന്നുണ്ട്. സർക്കാർ മേഖലയിലെ സൗജന്യ മരുന്ന് വിതരണം കൂടി ആകുമ്പോൾ ഈ കണക്ക് കുതിക്കും. അങ്ങനെയുളള കേരളത്തിൽ പക്ഷേ മരുന്ന് പരിശോധന സംവിധാനങ്ങൾ അത്രകണ്ട് ശുഭകരമല്ല. മൂന്നര ലക്ഷത്തിലധികം ബാച്ച് മരുന്നുകൾ വിൽക്കുന്ന കേരളത്തിൽ ഒരു വർഷം ആകെ പരിശോധിക്കുന്നത് പരമാവധി 15000 ൽ സാംപിൾ മാത്രമാണ്. സർക്കാർ മേഖലയിൽ നിന്നെടുക്കുന്ന സാംപിളുകൾ കൂടി ചേർത്താണ് ഈ കണക്ക്.

കേരളത്തിൽ മരുന്ന് പരിശോധന ഉള്ളത് തിരുവനന്തപുരം , കാക്കനാട് , തൃശൂർ , കോന്നി എന്നിവിടങ്ങളിലെ ലാബുകളിൽ മാത്രമാണ്. തിരുവനന്തപുരത്തെ ​ഡ്ര​ഗ് ടെസ്റ്റിങ് ലാബിൽ പരമാവധി 6000, കാക്കനാട് 3000, തൃശൂരിൽ 1000 സാംപിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജീവനക്കാരുടെ കുറവും ആധുനിക സംവിധാനങ്ങളുടെ പോരായ്മയും ആണ് ഇവിടേയും തിരിച്ചടി. 
ഇത് മാത്രവുമല്ല കേരളത്തിലെ മരുന്ന് ഉപയോ​ഗം എങ്ങനെ , അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇതിനെക്കുറിച്ചൊന്നും കേരളത്തിൽ വിശദമായെന്നല്ല ഒരു പഠനം നടന്നിട്ടില്ല. പ്രമേഹ രോ​ഗികളും വൃക്ക രോ​ഗികളും കേരളത്തിൽ വളരെ കൂടുതലാണ്. അമിതമായ മരുന്ന് ഉപയോ​ഗം നടക്കുന്നുണ്ടോ , ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ എത്രത്തോളം മരുന്നുകൾ വിറ്റുപോകുന്നുണ്ട് എന്നതിലൊന്നും സർക്കാർ സംവിധാനത്തിൽ ഒരു കണക്കുമില്ല. അമിതമായ മരുന്ന് ഉപയോ​ഗം വൃക്ക രോ​ഗത്തിന് ഒരു കാരണമാകുന്നുണ്ടോ എന്നതിലടക്കം പഠനം വേണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Follow Us:
Download App:
  • android
  • ios