കര്‍ഷക സമരത്തില്‍ പൊള്ളി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി

By Web TeamFirst Published Dec 30, 2020, 8:06 PM IST
Highlights

ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു.
 

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് പ്രധാന കോര്‍പ്പറേഷനുകളായ അംബാലയും സോണിപത്തും നഷ്ടപ്പെട്ടു. കര്‍ഷക സമരം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ അരയും തലയും മുറുക്കിയാണ് ഹരിയാനയില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു. അവരുടെ ശക്തികേന്ദ്രങ്ങളായ ഹിസാര്‍, ഉലകന, റെവാരി, ധാരുഹേറ എന്നിവിടങ്ങളില്‍ പാര്‍ട്ടി തകര്‍ന്നു. അംബാല, പഞ്ച്ഗുള, സോണിപത്, റെവാരി, ധാരുഹേര, സംപാല, ഹിസാര്‍, ഉലകന എന്നിവിടങ്ങളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. സോണിപത് മേയര്‍ തെരഞ്ഞെടുപ്പില്‍ 14,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. കര്‍ഷക സമരം നടത്തുന്ന സിംഘുവിന് തൊട്ടടുത്ത സ്ഥലമാണ് സോണിപത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ജനവികാരമാണ് കോണ്‍ഗ്രസിന്റെ ജയത്തിന് കാരണമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. അംബാലയില്‍ 8000 വോട്ടിന് ഹരിയാന ജവസേചന പാര്‍ട്ടിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. പാര്‍ട്ടി നേതാവ് വിനോദ് ശര്‍മ്മയുടെ ഭാര്യ ശക്തി റാണി ശര്‍മയാണ് വിജയിച്ചത്. ഇവരുടെ മകന്‍ പ്രമാദമായ ജെസ്സീക്ക ലാല്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. പഞ്ച്ഗുളയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി മുന്നിലാണ്.
 

click me!