'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഇൻ ഫ്രാൻസ് ആയി'; റഫാലിലെ സിഎജി റിപ്പോർട്ടിൽ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

By Web TeamFirst Published Sep 24, 2020, 6:42 PM IST
Highlights

റഫാല്‍ ഇടപാട് സംബന്ധിച്ച  സിഎജി റിപ്പോര്‍ട്ടിലെ പരമാര്‍ശം കേന്ദ്രത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കി  കോണ്‍ഗ്രസ്. 

ദില്ലി: റഫാല്‍ ഇടപാട് സംബന്ധിച്ച  സിഎജി റിപ്പോര്‍ട്ടിലെ പരമാര്‍ശം കേന്ദ്രത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കി  കോണ്‍ഗ്രസ്. കരാറിനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്  പ്രതിഷേധത്തിലേക്ക്  കടക്കുകയാണ്. 

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുമ്പോള്‍ കരാറിന്റെ ഭാഗമായുള്ള നിബന്ധനകള്‍ നിര്‍മ്മാതാക്കളായ ദാസോൾട്ട് ഏവിയേഷനും, യൂറോപ്യന്‍ കമ്പനിയായ എബിഡിഎയും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തല്‍. ഓഫ്സെറ്റ് ഒബ്ലിഗഷന്‍സ് എന്ന പേരില്‍  ഉള്‍പ്പെടുത്തിയ വ്യവസ്ഥപ്രകാരം സാങ്കേതികവിദ്യ ഡിആര്‍ഡിഒക്ക് കൈമാറണം. 2015 സെപ്റ്റംബറിലെ ഓഫ്സെറ്റ് കരാറിലെ മുപ്പത് ശതമാനം  ഇനിയും പാലിച്ചിട്ടില്ല. 

വിദേശത്ത് നിന്ന് യുദ്ധ സാമഗ്രികള്‍ വാങ്ങുമ്പോള്‍ ആരും സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാകുന്നില്ലെന്ന സിഎജി  വിമര്‍ശനം സര്‍ക്കാരിന്‍റെ പിടിപ്പുകേടിന് നേരെ വിരല്‍ ചൂണ്ടുന്നുവെന്നാണ്  കോൺഗ്രസിന്‍റെ  ആക്ഷേപം.  സഭ സമ്മേളനം തീരുന്നതിന് തൊട്ടുമുന്‍പ് മാത്രം റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു.  രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന്റെ ക്രമം ഇപ്പോഴും അജ്ഞാതമാണ്.  കരാർ പ്രകാരമുള്ള സാങ്കേതികവിദ്യ ഇതുവരെ കൈമാറിയിട്ടില്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.  മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ മേക്ക് ഇൻ ഫ്രാൻസ് ആയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഏഴ് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി പാലിച്ചാല്‍ മതിയെന്നാണ് സിഎജി റിപ്പോര്‍ട്ടിനോടുള്ള  കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. വിദേശ കമ്പനികള്‍ക്കെതിരായാണ് സിഎജി പരാമര്‍ശമെങ്കിലും  രാഷ്ട്രീയ നേട്ടമായി റഫാലിനെ ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്രസര്‍ക്കാരിന്  ഈ  വിമര്‍ശനങ്ങള്‍ ക്ഷീണമായി.

click me!