
പൂനെ: സ്ത്രീയെ ഗർഭിണിയാക്കാനുള്ള ജോലിയെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യുവാവിനെ പറ്റിച്ച് തട്ടിപ്പുകാർ തട്ടിയെടുത്തത് 11 ലക്ഷം രൂപ. പൂനെയിലെ 44 കാരനായ കോൺട്രാക്ടറാണ് പരസ്യ തട്ടിപ്പിനിരയായത്. സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കാനായി പുരുഷനെ ആവശ്യമുണ്ടെന്നും പ്രതിഫലമായി 25 ലക്ഷം രൂപ ലഭിക്കുമെന്ന പരസ്യത്തിന് പിന്നാലെ പോയ യുവാവിനാണ് ലക്ഷങ്ങൾ നഷ്ടമായത്. 'പ്രഗ്നന്റ് ജോബ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വന്ന യുവതിയുടെ വീഡിയോ പരസ്യം കണ്ടാണ് 44 കാരൻ പരസ്യത്തിലെ ഫോൺ നമ്പരിൽ ബന്ധപ്പെടുന്നതും, പിന്നാലെ തട്ടിപ്പ് സംഘം പണം കൈക്കലാക്കുന്നതും.
സെപ്റ്റംബർ ആദ്യവാരമാണ് കരാറുകാരൻ സോഷ്യൽ മീഡിയയിൽ 'പ്രഗ്നന്റ് ജോബ്' എന്ന് പേരുള്ള ഒരു കമ്പനിയുടെ വീഡിയോ പരസ്യം കാണുന്നത്. ഒരു സ്ത്രീ ഹിന്ദിയിൽ, "എന്നെ ഒരമ്മയാക്കാൻ കഴിവുള്ള ഒരു പുരുഷനെ എനിക്ക് വേണം. ഞാൻ അയാൾക്ക് 25 ലക്ഷം രൂപ നൽകാം. വിദ്യാഭ്യാസമോ, ജാതിയോ, രൂപമോ എനിക്ക് പ്രശ്നമല്ല''- എന്ന് പറയുന്ന വീഡിയോ കണ്ടാണ് കോൺട്രാക്ടർ വീഡിയോയിൽ കണ്ട നമ്പറിൽ വിളിക്കുന്നത്. ഒരു പുരുഷനാണ് ഫോണെടുത്തത്. ഗര്‍ഭം ധരിപ്പിക്കാനുള്ള ജോലി നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണെന്നാണ് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞത്. ജോലിക്ക് പ്രവേശിക്കുന്നതിനു മുൻപ് രജിസ്റ്റർ ചെയ്യുകയും ഐഡി കാർഡ് നേടുകയും വേണം എന്ന് ഇയാൾ 44 കാരനെ അറിയിച്ചു.
പിന്നീട് പലപ്പോഴായി തട്ടിപ്പുകാർ രജിസ്‌ട്രേഷൻ ഫീസ്, ഐഡി കാർഡ് ചാർജുകൾ, വെരിഫിക്കേഷൻ, ജിഎസ്ടി, ടിഡിഎസ്, പ്രോസസ്സിങ് ഫീസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി കരാറുകാരനിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതേ തുടർന്ന്, സെപ്റ്റംബർ ആദ്യവാരം മുതൽ ഒക്ടോബർ 23 വരെ, ഇദ്ദേഹം യുപിഐ, ഐഎംപിഎസ് വഴി 100-ൽ അധികം തവണയായി ചെറുതും വലുതുമായ പേയ്മെന്റുകൾ നടത്തി. ആകെ 11 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. പണം തട്ടിയെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്റെ നമ്പർ ബ്ലോക്ക് ചെയ്തു.
ഇതോടെയാണ് യുവാവ് താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയത്. പിന്നാലെ ഇയാൾ ബാനേർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇത്തരം വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.