
ദില്ലി : ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ദില്ലിയിൽ എത്തി. ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു.
എംബസി അധികൃതർ മകൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്ന് ഫാദിലയുടെ അച്ഛൻ പറഞ്ഞു. ഇന്ന് അർദ്ധ രാത്രി ഒരു വിമാനം കൂടി മസ്ഹദിൽ നിന്നും ദില്ലിയിലേക്ക് വരുന്നുണ്ട്. നാളെയും രണ്ട് വിമാനങ്ങൾ വരും.
നാലാമത്തെ വിമാനത്തിൽ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേർ നാട്ടിലെത്തി. ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഓപ്പറേഷൻ സിന്ധുവിലൂടെ അയൽരാജ്യങ്ങൾക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ. ശ്രീലങ്ക, നേപ്പാൾ പൗര ദൗത്യത്തിൻ്റെ ഭാഗമായി തിരിച്ചെത്തിക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നേപ്പാൾ, ശ്രീലങ്ക സ്വദേശികൾക്കായി പ്രത്യേകം നമ്പറുകളും എംബസി പ്രസിദ്ധീകരിച്ചു.
സമാധാന ചർച്ചകളിൽ അവ്യക്തത
അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാനും, ഇടപെടൽ നേരത്തെ ഉണ്ടായേക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയതോടെ തുടർ സമാധാന ചർച്ചകളിൽ അവ്യക്തത തുടരുകയാണ്. ഇസ്രയേൽ തൽക്കാലത്തേക്ക് പ്രതിരോധത്തിലായതോടെ ഇറാൻ പുതിയ ഉപാധികൾ വെയ്ക്കുന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിൽ നടത്തിയ ഇടപെടലിലെ അപാകതകൾ കാട്ടി യു.എൻ സുരക്ഷാ കൗൺസിലിന് പരാതി നൽകി. ആക്രമണം നടക്കുമ്പോൾ മധ്യസ്ഥ ചർച്ചയില്ലെന്നും നിലപാടെടുത്തു. ആണവകേന്ദ്രം ആക്രമിച്ചതിൽ നടപടിയും ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ, ചർച്ചകളിലൂടെ അന്താരാഷ്ട്ര ഉപാധികൾക്ക് വഴങ്ങിക്കൊടുക്കാൻ അത്ര വേഗം ഇറാൻ തയാറായേക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam