നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസിന്‍റെ ഓഫീസിൽ കൊള്ളസംഘത്തിന്‍റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് സ്ഥാപനത്തിനകത്ത് എത്തി വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്കുൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാൻസ് ഓഫീസിലെത്തിയത്. സ്ഥാപനത്തിൽ ഓഡിറ്റിംഗ് നടപടികൾ പുരോഗമിക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികൾ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വർണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന് വെടിയേറ്റത്. തലയ്ക്ക് പിറകിലാണ് സാജുവിന് വെടിയേറ്റത്. സാജു തൽക്ഷണം മരിച്ചു.
നാട്ടിൽ നിന്ന് ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു സാമുവൽ. മുത്തൂറ്റ് ഫൈനാൻസിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു.
മൂന്നംഗ അക്രമി സംഘം മുത്തൂറ്റ് ഓഫീസിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുവന്ന ടീ ഷർട്ട് ധരിച്ച ഒരു യുവാവ് ഓടിച്ച ബൈക്കിന് പിന്നിൽ കറുത്ത ഷർട്ടിട്ട മറ്റൊരാൾ ഇരിക്കുന്നത് കാണാം. ചെക്ക് ഷർട്ടിട്ട മറ്റൊരാൾ ഇതിന് പിന്നിൽ ഇരിക്കുന്നുണ്ടായിരുന്നു.
മൂന്നാമൻ മുഖം മറച്ചുകൊണ്ടാണ് മുത്തൂറ്റ് ഓഫീസിലേക്ക് കയറുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഈ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പൊലീസ് ഉടൻ തന്നെ അക്രമികളെ പിടികൂടുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam