മലയാളി വിദ്യാർഥിയെ ലിം​ഗമാറ്റത്തിന് പ്രേരിപ്പിച്ചു, പിന്നിൽ വന്‍ റാക്കറ്റോ? യുപി സ്വദേശിനിക്കെതിരെ കേരളം

Published : Mar 16, 2023, 11:18 AM ISTUpdated : Mar 16, 2023, 11:26 AM IST
മലയാളി വിദ്യാർഥിയെ ലിം​ഗമാറ്റത്തിന് പ്രേരിപ്പിച്ചു, പിന്നിൽ വന്‍ റാക്കറ്റോ? യുപി സ്വദേശിനിക്കെതിരെ കേരളം

Synopsis

ഹൈക്കോടതിയടക്കം കേസിന്റെ ​ഗൗരവം കണക്കിലെടുത്ത് യുവതിയുടെ ജാമ്യ അപേക്ഷ തള്ളിയതാണ്. ഇത്രയെറെ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത്തരം ഒരു തട്ടിപ്പ് നടത്താൻ യുവതി ശ്രമിച്ചെന്നും, മാത്രമല്ല ഈ തട്ടിപ്പിന് പിന്നിൽ രാജ്യന്തര നിർബന്ധിത ലിംഗമാറ്റ സംഘത്തിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.

ദില്ലി: പ്രായപൂർത്തിയാകാത്ത മലയാളി വിദ്യാർഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ച് പണ പിരിവ് നടത്തിയെന്ന കേസിൽ യുപി സ്വദേശിനിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് സംസ്ഥാനം മറുപടി നൽകിയത്. കേസിലെ പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹർജിയെ പൂർണമായി എതിർക്കുകയാണ് സംസ്ഥാനം. ഹോർമോൺ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിദ്യാർഥിയെ കരുവാക്കി പണപ്പിരിവ് നടത്തിയെന്ന് തിരുവനന്തപുരം സ്വദേശിയായ  പ്ലസ്ടു കാരന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേരള സൈബർ പൊലീസ് കേസ് എടുത്തത്. 

അന്വേഷണത്തിൽ വിദ്യാർഥിയുടെയോ, മാതാപിതാക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഓൺലൈൻ വഴി പണപ്പിരിവ് നടത്തിയതെന്ന് സംസ്ഥാനം പറയുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി പണപ്പിരിവ് നടത്തി. കൂടാതെ കേസിലെ മറ്റു രണ്ട് പ്രതികളായ മുകേഷ് ചൗധരിയെ വിദ്യാർഥിയുടെ രക്ഷിതാവായി ചിത്രീകരിച്ച് പണം സ്വീകരിക്കുന്നതിനായി കാർത്തികേയ  മൽഹോത്രയുടെയും യുവതിയുടെയും  അക്കൗണ്ട് നമ്പറും നൽകി. പണം തട്ടിയെടുക്കുന്നതിനുള്ള ഉപകരണമായി വിദ്യാർഥിയെ ഉപയോഗിച്ചു. ഇതിനായ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. 

ഹൈക്കോടതിയടക്കം കേസിന്റെ ​ഗൗരവം കണക്കിലെടുത്ത് യുവതിയുടെ ജാമ്യ അപേക്ഷ തള്ളിയതാണ്. ഇത്രയെറെ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത്തരം ഒരു തട്ടിപ്പ് നടത്താൻ യുവതി ശ്രമിച്ചെന്നും, മാത്രമല്ല ഈ തട്ടിപ്പിന് പിന്നിൽ രാജ്യന്തര നിർബന്ധിത ലിംഗമാറ്റ സംഘത്തിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണം. ഇതിന്  യുവതിയുടെ അറസ്റ്റ് പ്രധാനപ്പെട്ടതാണെന്നും ജാമ്യപേക്ഷ തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൊൺസൽ ഹർഷദ് വി. ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അതെസമയം, സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർഥിയോട് സഹതാപം തോന്നി പണപ്പിരിവിനായി തന്‍റെ ബാങ്കിംഗ് വിവരങ്ങൾ നൽകിയതാണെന്നും മറ്റ് ഇടപെടലുകൾ വിദ്യാർഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നുമായിരുന്നു യുവതിയുടെ വാദം. താന്‍ ഇതിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മറിച്ച് കുട്ടിയുടെ ആവശ്യത്തോട് അവര്‍ അനുഭാവപൂര്‍വ്വം ഇടപെടുകയായിരുന്നെന്നും യുവതി വാദിച്ചു. ഹർജിയിൽ വിദ്യാർഥിയുടെ മാതാപിതാക്കളും കക്ഷി ചേർന്നു. പ്രതിയായ യുവതിക്കായി അഭിഭാഷകരായ ദിവാൻ ഫാറൂഖ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവരാകും ഹാജരാകുക. അഭിഭാഷകൻ സന്ദീപ് സിങ്ങാണ്  വിദ്യാർഥിയുടെ മാതാപിതാക്കളുടെ അഭിഭാഷകൻ. 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം