
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപ് രാത്രി 9.30-യോടെ കസവനഹള്ളിയിൽ അമൃത കോളേജിന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കാർ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കല്ലു കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടർന്ന് പൊലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്‍റെ ദൃശ്യം പങ്കുവെച്ചു. പിന്നാലെ പൊലീസ് കേസെടുത്തു. ദൃശ്യമുണ്ടായിരുന്നതിനാൽ അക്രമികളെ വേഗം തിരിച്ചറിഞ്ഞു.
പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി. എന്നാൽ ഇവരുടെ ഉദ്ദേശം കവർച്ചയായിരുന്നെന്ന് അനൂപ് പറയുന്നു. ബെംഗളൂരുവിൽ രാത്രികാലങ്ങളിൽ കുടുംബമായി കാറിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞ് നിർത്തി ആക്രമിക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്. മനഃപൂർവം അപകടം സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. ഇതിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം മലയാളി സംഘടനകളും ശക്തമായി ഉയർത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam