ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കണം; ജാമിയയില്‍ മലയാളി വിദ്യാര്‍ത്ഥികളോട് ഒഴിയാന്‍ നിര്‍ദേശം

By Web TeamFirst Published May 6, 2020, 12:05 PM IST
Highlights

നാല്‍പ്പത് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലുകളിലുള്ളത്. അടച്ച് പൂട്ടലിനെ തുടർന്ന് നാട്ടിൽ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തുടര്‍ന്നത്. 

ദില്ലി: ഹോസ്റ്റലുകള്‍ ഒഴിയാന്‍ നിര്‍ദേശം വന്നതോടെ ജാമിയ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. നിരീക്ഷണ കേന്ദ്രങ്ങളാക്കാൻ ഹോസ്റ്റലുകൾ ഈ മാസം 15ന് മുൻപ് ഒഴിയാനാണ് നിർദ്ദേശം. നാല്‍പ്പത് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലുകളിലുള്ളത്. അടച്ച് പൂട്ടലിനെ തുടർന്ന് നാട്ടിൽ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തുടര്‍ന്നത്. ഹോസ്റ്റലുകള്‍ ഒഴിഞ്ഞ പലരും നില്‍ക്കുന്നത് താല്‍ക്കാലിക സംവിധാനത്തിലാണ്. എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ നടപടി വേഗത്തിലാക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

അതേസമയം അടച്ചൂപൂട്ടൽ നീട്ടിയതോടെ ദില്ലിയില്‍ ഹോം നഴ്സിംഗ് മേഖലകളിലടക്കം ദിവസവേതനത്തിന് ജോലി ചെയ്യുന്ന മലയാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ദില്ലി സർക്കാരിന്‍റെ സഹായം കിട്ടിതായതോടെ കേരള സര്‍ക്കാരിന്‍റെ കനിവിനായി കാത്തിരിക്കുകയാണിവര്‍. ദില്ലിയിലും സമീപ പട്ടണങ്ങളിലുമായി ഏട്ട് ലക്ഷം മലയാളികൾ താമസിക്കുന്നു എന്നാണ് ദില്ലി മലയാളി അസോസിയേഷന്‍റെ കണക്ക്. ഇതിൽ മുപ്പത് ശതമാനം ദിവസ വേതനത്തിന് ജോലിനോക്കുന്നു. 

വാടകവീടുകളിൽ താമസിക്കുന്ന പലരുടെയും കൈയിലുള്ള പണം തീര്‍ന്നതിനാല്‍ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും  നിവൃത്തിയില്ല. റേഷൻ കാര്‍ഡ് ഇല്ലാത്തതിനാൽ ദില്ലി സർക്കാരിന്‍റെ  സഹായവും ഇല്ല. മിക്ക കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഭക്ഷണക്കിറ്റുകൾ എത്തിക്കാൻ മലയാളി സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും പേർക്ക് നല്‍കുന്നതില്‍ പരിമിതിയുണ്ടെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ അടക്കം തിരികെ എത്തിക്കാൻ നടപടി വേഗത്തിലാക്കിയ കേരളസർക്കാർ അന്യസംസ്ഥാനത്ത് താമസിക്കുന്ന മലയാളികളുടെ കാര്യത്തില്‍ നിശബ്‍ദത തുടരുന്നതില്‍ ഇവര്‍ക്ക് പരാതിയുണ്ട്.

 

click me!