
ഭുവനേശ്വർ: പരീക്ഷ ഹാളിൽ കയറുന്നതിനു മുമ്പ് പുരുഷ അധ്യാപകൻ നടത്തിയ പരിശോധനയിൽ മനം നൊന്ത് 18 വയസുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായി പരാതി ലഭിച്ചെന്ന് പൊലീസ്. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 19 ന് ആണ് സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയപ്പോഴാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്. പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിയെ പുരുഷ അധ്യാപകൻ അനുചിതമായി പരിശോധിക്കുകയായിരുന്നു. വനിതാ അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥിനികളെ പരിശോധിച്ചത് പുരുഷന്മാരാണെന്നും ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തതായി പട്ടമുണ്ടൈ റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ-ചാർജ് ധീരജ് ലെങ്ക പറഞ്ഞു. സംഭവത്തിൽ അസ്വസ്ഥയായ 12ാം ക്ലാസ് വിദ്യാർത്ഥിനി ഫെബ്രുവരി 24ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ അമ്മ ഇതു സംബന്ധിച്ച പരാതി നൽകിയതെന്നും അന്വേഷണം നടന്നു വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. തെളിവുകൾ ലഭിച്ചാലുടൻ പ്രതികൾക്കെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കോളേജ് അധികൃതർ ആരോപണം നിഷേധിച്ചു. പരീക്ഷാ ഹാളിൽ കയറും മുൻപ് പെൺകുട്ടികളെ പരിശോധിക്കുന്നത് സ്ത്രീകളായ അധ്യാപകർ തന്നെയാണെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും പട്ടമുണ്ടൈ കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഭൂയാൻ പ്രതികരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...