മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ ആഴ്ചയിലൊരിക്കൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ നിന്ന് ഇളവ് തേടി മുഖ്യപ്രതികളിലൊരാളായ ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് ഠാക്കൂർ നൽകിയ ഹർജി പ്രത്യേക എൻഐഎ കോടതി തള്ളി. അനാരോഗ്യം, ദൂരം, സുരക്ഷാ പ്രശ്നങ്ങൾ, എല്ലാ ദിവസവും പാർലമെന്‍റിൽ പങ്കെടുക്കേണ്ടതിനാൽ ഇവിടേക്ക് എത്താനുള്ള ബുദ്ധിമുട്ട്, 'സാധ്വി' എന്ന നിലയിലുള്ള സ്വന്തം ജീവിതം എന്നിവ ചൂണ്ടിക്കാട്ടിയാണ് ആഴ്ച തോറും ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് പ്രഗ്യ ആവശ്യപ്പെട്ടത്.
ഇന്ന് കോടതിയിൽ പ്രഗ്യ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകുന്നതിൽ തൽക്കാലം ഇളവ് നൽകണമെന്ന പ്രഗ്യയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ലോക്സഭയിൽ ഹാജരാകണമെന്ന വിപ്പ് ബിജെപി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രഗ്യയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കോടതിയിൽ പ്രഗ്യ ഹാജരാക്കിയിട്ടില്ല.
കഴിഞ്ഞ മാസമാണ് കേസിൽ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കൽ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ച് പ്രത്യേക കോടതി ഉത്തരവിട്ടത്. ഡിസംബറിൽ കേസിന്‍റെ വിചാരണ തുടങ്ങിയ ശേഷം ഈ മാസം ആദ്യം മാത്രമാണ് പ്രഗ്യാ സിംഗ് ഹാജരായത്. ചോദിച്ച രണ്ട് ചോദ്യങ്ങൾക്കും കോടതിയിൽ പ്രഗ്യ മറുപടി പറഞ്ഞത് 'എനിക്കറിയില്ല' എന്ന് മാത്രമാണ്. കോടതിയിൽ വൃത്തിയില്ലെന്നും, ഇരിക്കാൻ നല്ല സീറ്റില്ലെന്നും പരാതി പറഞ്ഞ പ്രഗ്യ കോടതി നടപടികൾ നടക്കുമ്പോൾ മുഴുവൻ സമയവും നിൽക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam