മുസ്ലിം പ്രീണനമെന്ന ആരോപണം ഒഴിവാക്കണമെന്ന് മമതക്ക് മുസ്ലിം നേതാക്കളുടെ കത്ത്

By Web TeamFirst Published Jun 20, 2019, 3:45 PM IST
Highlights

മുസ്ലിംകള്‍ ഉള്‍പ്പെട്ട എല്ലാ കേസിലും പ്രതികളെ പിടികൂടണം. മുസ്ലിംകളെ പ്രീണിപ്പിക്കുന്നതിനായി പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം മമതാ ബാനര്‍ജി ഒഴിവാക്കണമെന്നും മതനേതാക്കള്‍ കത്തില്‍ പറഞ്ഞു. 

കൊല്‍ക്കത്ത: കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുസ്ലിം മതനേതാക്കളുടെ കത്ത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം നടത്തിയതും മോഡല്‍ ഉഷോഷി സെന്‍ഗുപ്തയെ ആക്രമിച്ചതും മുസ്ലിംകളാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് മതനേതാക്കള്‍ മമതക്ക് കത്തെഴുതിയത്. 

രണ്ട് കേസുകളിലും ഉള്‍പ്പെട്ട പ്രതികള്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരായിരുന്നുവെന്നതില്‍ ഞങ്ങള്‍ക്ക് ദു:ഖവും നാണക്കേടുമുണ്ട്. ഈ കേസിലെന്നല്ല, മുസ്ലിംകള്‍ ഉള്‍പ്പെട്ട എല്ലാ കേസിലും പ്രതികളെ പിടികൂടണം. മുസ്ലിംകളെ പ്രീണിപ്പിക്കുന്നതിനായി പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം മമതാ ബാനര്‍ജി ഒഴിവാക്കണമെന്നും മതനേതാക്കള്‍ കത്തില്‍ പറഞ്ഞു.

46 മതനേതാക്കള്‍ ഒപ്പിട്ട കത്താണ് കൈമാറിയത്. മുസ്ലിം സമുദായത്തിന് നിയമകാര്യങ്ങളിലും പൗരബോധത്തിലും അവബോധമുണ്ടാക്കുന്നതിന് ശ്രമിക്കണമെന്നും കത്തില്‍ പറഞ്ഞു. മമതാ ബാനര്‍ജി മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. 

click me!